പാലക്കാട് : വനവാസികളുടെ ഭവന നിര്‍മാണത്തിന്റെ മറവില്‍ സിപിഎം നേതാവും കരാറുകാരും പണം സ്വന്തം പേരിലാക്കി വെട്ടിച്ചു. അട്ടപ്പാടി ഭൂതിവഴി ഊരില്‍ ഭവന നിര്‍മാണത്തിനെന്ന പേരില്‍ കരാറുകാരനുമായി ചേര്‍ന്ന് സിപിഎം നേതാവ് വനവാസികളില്‍ നിന്നും പണം കൈക്കലാക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ വെട്ടിപ്പ് പുറത്തായതോടെ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലറുമായ പി.എം. ബഷീര്‍, കരാറുകാരന്‍ അബ്ദുള്‍ ഗഫൂര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
ഇത്തരത്തില്‍ സിപിഎം നേതാവും കരാറുകാരനും ചേര്‍ന്ന് ഏഴ് വനവാസികളില്‍ നിന്നായി പതിമൂന്ന് ലക്ഷം രൂപയാണ് വെട്ടിച്ചതായി കണ്ടെത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഇരുവരെയും പാലക്കാട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനാണെന്ന് പറഞ്ഞ് വനവാസികളെ ബാങ്കിലെത്തിച്ച് ഭവന നിര്‍മാണത്തിനായി അവര്‍ക്ക് ലഭിച്ച പണം ബഷീറിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം ഭൂതിവഴി ഊരിലെ പഞ്ചായത്ത് അംഗമായ ജാഗിറും പ്രതികളെ ഇതിനായി സഹായിച്ചിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. അഗളി പോലീസാണ് സംഭവത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനുശേഷം കേസില്‍ പോലീസ് പ്രതികളെ സഹായിക്കുന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
















