കൊച്ചി: പാലാരിവട്ടം പാലത്തിന്റെ കരാര്‍ കമ്പനിയായ ആര്‍ഡിഎസിനെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചതാണ് ഇക്കാര്യം. കമ്പനിക്ക് യാതൊരു വിധത്തലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടേയും കരാര്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചതായും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
ആര്‍ഡിഎസ് ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് എന്നീ കമ്പനികള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യത്തിനാണ് പുനലൂര്‍- പൊന്‍കുന്നം റോഡ് നിര്‍മാണത്തിനുള്ള കരാര്‍ നല്‍കിയിരുന്നത്. പാലാരിവട്ടം അഴിമതി പുറത്തുവന്ന് വിവാദമായതോടെ കരാറില്‍ നിന്നും ഇവരെ ഒഴിവാക്കി. ഇതിനെതിരെ ആര്‍ഡിഎസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിക്കവേയാണ് സര്‍ക്കാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അറിയിച്ചത്.
മതിയായ കാരണങ്ങളുണ്ടെങ്കില്‍ കരാറുകാരെ ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ ടെന്‍ഡറില്‍ വ്യവസ്ഥയുണ്ട്. ആര്‍ഡിഎസിനോ അവര്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിനോ മേലില്‍ യാതൊരു നിര്‍മാണ പ്രവൃത്തികളും നല്‍കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
പാലാരിവട്ടം പാലം നിര്‍മാണത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കമ്പനി നടത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതുകൊണ്ടുതന്നെ ഇവരെ ഇനിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കാന്‍ സാധിക്കില്ല. പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ ആര്‍ഡിഎസ് കമ്പനിക്കെതിരെ നിലവില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെ്ന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
















