ന്യൂദല്‍ഹി : മതപരമായ വിശ്വാസ കാര്യങ്ങളില്‍ സുപ്രീംകോടതിയുടെ ഇടപെടലുകള്‍ ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. അയോധ്യ, ശബരിമല വിഷയങ്ങളില്‍ വ്യത്യാസമുണ്ട്. അയോധ്യയില്‍ വസ്തു തര്‍ക്കവും, ശബരിമലയില്‍ ആചാരം സംബന്ധിച്ച് കേസുമാണ് സുപ്രീംകോടതി കൈകാര്യം ചെയ്തിരിക്കുന്നത്.
അയോധ്യ ഭൂമി സംബന്ധിച്ചുള്ള അവകാശത്തര്‍ക്കമാണ് നിലനിന്നിരുന്നത് സുപ്രീംകോടതി അതുസംബന്ധിച്ചാണ് വിചാരണ കേള്‍ക്കുകയും കേസില്‍ വിധി പ്രസ്താവന നടത്തുകയും ചെയ്തിട്ടുള്ളത്. റിപ്പബ്ലിക് ചാനലിന്റെ പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമല തീര്‍ത്ഥാടകര്‍ക്കൊപ്പമാണ് താനെന്ന് പറഞ്ഞ അമിത് ഷാ മതപരമായ വിശ്വാസങ്ങളില്‍ സുപ്രീംകോടതി ഇടപെടലുകള്‍ ആവശ്യമില്ല. ശബരിമല വിഷയത്തില്‍ ഇതല്ല സ്ഥിതി. അവിടെ വിശ്വാസത്തെയും ആചാരത്തേയുമാണ് ചോദ്യം ചെയ്തിരിക്കുന്നത്. അയോധ്യയേയും ശബരിമലയേയും ഈ വിഷയത്തില്‍ ഒരുമിച്ച് കണക്കാക്കേണ്ട ആവശ്യമില്ല.
അയോധ്യ കേസില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് തര്‍ക്കം ഉയര്‍ന്നിരുന്നത്. അതുകൊണ്ടു തന്നെ ഇത് അവകാശത്തര്‍ക്കമാണ് എന്നത് വ്യക്തമാണ്. അല്ലാതെ അവിടെ വിശ്വാസത്തിന്റെ ചോദ്യം ഉയര്‍ന്നിട്ടില്ല. ശബരിമലയില്‍ അതല്ല വിഷയം. വര്‍ഷങ്ങളായി തുടര്‍ന്നിട്ടുള്ള പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ടാണ് അവിടെ ചോദ്യം ഉയര്‍ന്നിരിക്കുന്നത്. ഇതോടൊപ്പം മുസ്ലിം, പാഴ്‌സി സ്ത്രീകള്‍ക്ക് അവരുടെ ആരാധനാലയങ്ങള്‍ക്കുള്ളില്‍ പ്രവേശിച്ച് പ്രാര്‍ത്ഥിക്കുന്നതിനുള്ള അനുമതി തേടിയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ വിഷയത്തിലും തന്റെ നിലപാട് ഒന്നാണ്. മതപരമായ കാര്യങ്ങളിലും വിശ്വാസത്തിലും സുപ്രീംകോടതിയല്ല നിലപാട് സ്വീകരിക്കേണ്ടത് എന്നതാണ് തന്റെ അഭിപ്രായമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
















