മലപ്പുറം: വയനാട് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുല്‍ ഗാന്ധി എംപിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് എടക്കരക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോത്തുകല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി അജേഷ് നല്‍കിയ പരാതിയിലാണ് അജി തോമസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
മണ്ഡലത്തിലും പാര്‍ലമെന്റിലും കാണാത്ത എംപിയെ നവമാധ്യമങ്ങളിലും കാണാനില്ലെന്നും ഇക്കാര്യത്തിലെ അവ്യക്തത നീക്കണമെന്നും കാണിച്ചായിരുന്നു അജി തോമസിന്റെ പരാതി. എന്നാല്‍ അജിയുടെ പരാതി ദേശീയ നേതാവായ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടിയാണെന്നും കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നിലവിലുള്ള സൗഹാര്‍ദ്ദ അന്തരീക്ഷത്തിന് ഭംഗം വരുത്തി കലഹം ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടെയാണിതെന്നും അജേഷ് നല്‍കിയ പരാതിയില്‍ പറയുന്നു.
















