ന്യൂദല്‍ഹി: പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകരവാദ സംഘടനകള്‍ ബലാകോട്ടിലെ താവളങ്ങള്‍ വീണ്ടും സജ്ജീവമാകുന്നതായി ആഭ്യന്തര മന്ത്രാലയം. ബലാകോട്ടിലെ ക്യാമ്പുകള്‍ വീണ്ടും സജീവമാകുന്നെന്നും ഇന്ത്യയ്ക്കെതിരായ ഭീകര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകരവാദ സംഘടനകള്‍ ശ്രമിക്കുന്നതായി രഹസ്യന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യാതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡി ലോക്സഭയില്‍ പറഞ്ഞു.
ബലാക്കോട്ടില്‍ ഭീകര താവളങ്ങള്‍ വീണ്ടും സജ്ജീവമാകുന്നു എന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദീകരിക്കണമെന്നും, ഭീകരവാദം തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് മറുപടി നല്‍കുകയായിരുന്നു കിഷന് റെഡ്ഡി. ബലാക്കോട്ടിലെ ജയ്ഷെ മുഹമ്മദ്(ജെഎം) ഭീകരവാദ ക്യാമ്പില്‍ ചാവേറുകള്‍ ഉള്‍പ്പെടെ അമ്പതോളം ഭീകരവാദികള്‍ നിലവില്‍ പരിശീലനത്തിലാണെന്ന് അറിയിച്ചുകൊണ്ട് 2019 ഒക്ടോബറില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ചോദ്യം ഉയര്‍ത്തിയത്. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.
ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേനയുടെ പന്ത്രണ്ട് മിറേജ് 2000 യുദ്ധവിമാനങ്ങള്‍ പാകിസ്ഥാനിലെ ബലാക്കോട്ടിലെ ജയ്ഷെ മുഹമ്മദ് (ജെഎം) ഭീകരവാദ ക്യാമ്പുകള്‍ നശിപ്പിച്ചിരുന്നു. ഈ ക്യാമ്പുകള്‍ ഭീകരവാദ ഗ്രൂപ്പായ ജെമിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറും മറ്റ് തീവ്രവാദികളും പുതിയ റിക്രൂട്ട്മെന്റിനായി ഉപയോഗിച്ചിരുന്നുവെന്ന് വൃത്തങ്ങള്‍ തെളിയിച്ചിരുന്നു.
















