ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം സംസ്ഥാനത്ത് ഭീകരവാദം കുറഞ്ഞെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലോക്‌സഭയിലാണ് ഇതും സംബന്ധിച്ച കാര്യത്തിലെ രാജ്‌നാഥ് സിങിന്റെ പ്രസ്താവന.
കഴിഞ്ഞ 30-35 വര്‍ഷങ്ങളായി കശിമീരില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ആഗസ്ത് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കൊണ്ടുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷം ഭീകരവാദം മൊത്തത്തില്‍ അവസാനിച്ചെന്ന് തന്നെ പറയാം. ഇതില്‍ സംസ്ഥാനത്തെ സുരക്ഷാ സേനയെ അഭിനന്ദിക്കുന്നെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
കശ്മീര്‍ പോലീസും കരസേനയും അര്‍ധസൈനിക വിഭാഗവും സംസ്ഥാനത്ത് നിലനിന്നിരുന്ന ഭീകരവാദത്തിനെ ചെറുക്കുന്നതിന് സംയുക്തമായി പ്രവര്‍ത്തിച്ചു. കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. കശ്മീര്‍ സാധാരണനിലയിലേക്ക് അതിവേഗത്തില്‍ മടങ്ങി വരുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. ഭീകരവാദം സംഭവങ്ങള്‍ കശ്മീരില്‍ ഇപ്പോഴും ഉണ്ടാകുന്നുണ്ടെന്നായിരുന്നു കൊടിക്കുന്നിലിന്റെ വാദം.
അതേസമയം കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കി. 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ഒരാള്‍ പോലും പോലീസ് വെടിവയ്‌പ്പിലോ കല്ലേറിലോ കൊല്ലപ്പെട്ടിട്ടില്ലെന്നും ഈ കാര്യം അറിയിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















