മുംബൈ: ശിവസേന- നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) കോണ്‍ഗ്രസ് കൂട്ടുകെട്ടിനെതിരെ സേനയ്‌ക്കുള്ളില്‍ പൊട്ടിത്തെറി. ത്രികക്ഷി സഖ്യസര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ തിരഞ്ഞെടുത്തതിന് പിന്നാലെ ശിവസേന നേതാവ് രാജി വെച്ചു. സേന നേതാവ് രമേശ് സോളങ്കിയാണ് തന്റെ രാജി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ തീരുമാനം എടുക്കുകയാണെന്ന് മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും ശിവസേനക്ക് മുഖ്യമന്ത്രി ഉണ്ടാവുന്നതിലും അഭിനന്ദനങ്ങള്‍. പക്ഷേ, എന്റെ മനഃസാക്ഷിയും പ്രത്യയശാസ്ത്രവും കോണ്‍ഗ്രസുമായി പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിക്കുന്നില്ല. എനിക്ക് അര്‍ദ്ധമനസ്സോടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല, ഇത് എന്റെ പദവിക്കും, എന്റെ പാര്‍ട്ടി, എന്റെ സഹ ശിവ് സൈനിക്കുകര്‍ക്കും എന്റെ നേതാക്കള്‍ക്കും യോജിച്ചതല്ലന്ന് സോളങ്കി ട്വീറ്റ് ചെയ്തു. താന്‍ ബാലാസാഹേബിന്റെ ശിവ സൈനികനായി തുടരുമെന്ന് സോളങ്കി വ്യക്തമാക്കി.
21 വര്‍ഷമായി താന്‍ ശിവസേനയ്‌ക്ക് ഒപ്പമുണ്ടായിരുന്നുവെന്നും തന്റെ പാര്‍ട്ടി ഒരു രാഷ്‌ട്രീയ തീരുമാനം എടുക്കുകയും കോണ്‍ഗ്രസുമായി കൈകോര്‍ക്കുകയും ചെയ്യുന്നതു വരെ നിരവധി ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുണ്ടെന്നും സോളങ്കി പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വകുപ്പുകള്‍ സംബന്ധിച്ച് ത്രികകക്ഷി സര്‍ക്കാര്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ ഇതുവരെ എത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെയാണ് സത്യപ്രതിജ്ഞ ചെയ്യുക. ഡിസംബര്‍ 1ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീടിത് നേരത്തെയാക്കുകയായിരുന്നു. നാളെ വൈകിട്ട് അഞ്ച് മണിക്ക് ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തോറാട്ടും എന്‍സിപിയുടെ ജയന്ത് പാട്ടീലും ഉപമുഖ്യമന്ത്രിമാരാകും. ഇവരും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നുപാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിലാണ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. ഉദ്ധവ് താക്കറെയെ നിയമസഭാ കക്ഷി നേതാവാക്കുന്നതിനുളള പ്രമേയത്തെ എല്ലാ എംഎല്‍എമാരും അനുകൂലിച്ചതിനെ തുടര്‍ന്ന് സഖ്യനേതാക്കള്‍ക്കൊപ്പം ഗവര്‍ണറെ കണ്ട് ഉദ്ധവ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവകാശവാദം ഉന്നയിക്കുകയായിരുന്നു.
















