തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സൈന്യത്തിനു മുമ്പാകെ കീഴങ്ങിയ ഐഎസ് ഭീകരരില്‍ മലയാളിയായ നിമിഷയും കുടുംബവും ഉള്ളതായി സൂചന. തിരുവനന്തപുരം സ്വദേശിയാണ് നിമിഷ. ഇവരും കുടുംബവും കീഴടങ്ങിയവരില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി നമിഷയുടെ അമ്മ ബിന്ദു അറിയിച്ചു.
വിദേശ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ട ചിത്രങ്ങളിലൂടെയാണ് നിമിഷയേയും കുടുംബത്തേയും തിരിച്ചറിഞ്ഞത്. നിമിഷയ്‌ക്കൊപ്പം ഭര്‍ത്താവ് ഈസ, മകള്‍ മൂന്നുവയസ്സുകാരി ഉമ്മക്കുല്‍സു എന്നിവരുമുള്ളതായി ബിന്ദു പറയുന്നു. മൂന്നുദിവസംമുമ്പ് ഓസ്ട്രേലിയന്‍ വാര്‍ത്താ ചാനല്‍ പ്രതിനിധികള്‍ സമീപിച്ചിരുന്നു. വാര്‍ത്താ ഏജന്‍സികള്‍ വഴി അവര്‍ക്ക് കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ കാണിച്ചു. ഇതില്‍നിന്ന് മരുമകനേയും പേരക്കുട്ടിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖം മറച്ചതിനാല്‍ നിമിഷയെ തിരിച്ചറിയാന്‍ സാധിച്ചിലെന്നും ബിന്ദു അറിയിച്ചു.
2016 ജൂലായിലാണ് നിമിഷയെ കാണാതായത്. കാസര്‍ഗോഡുനിന്ന് ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. അതേസമയം കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ ബിന്ദുവുമായി സംസാരിച്ചിരുന്നു. പേരക്കുട്ടിയുടെ ചിത്രവും ഇരുവരും അയച്ചു നല്‍കിയിരുന്നു. എന്നാല്‍ ഇവര തിരിച്ച് ന്ാട്ടില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷ അവിടെ വെച്ച് സൗഹൃദത്തിലായ പാലക്കാട് സ്വദേശി ബെക്സണ്‍ വിന്‍സെന്റിനെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ച് ഐഎസില്‍ ചേരുന്നതിനായി അഫ്ഗാനിലേക്ക് കടക്കുകയായിരുന്നു. ശ്രീലങ്കവഴിയാണ് ഇവരുള്‍പ്പെട്ട സംഘം അഫ്ഗാനിലേക്കു പോയത്. നാഗര്‍ഹാറിലാണ് ഇവരുണ്ടായിരുന്നതെന്നാണ് ബന്ധുക്കള്‍ക്ക് മുമ്പ് ലഭിച്ച വിവരം.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന 900 ഭീകരരാണ് അടുത്തിടെ അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയത്. ഇതില്‍ എത്ര മലയാളികളുണ്ടെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഇവരെ കാബൂളിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
















