ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ് -3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നും 9.28നാണ് കാര്‍ട്ടോസാറ്റ് പറന്നുയര്‍ന്നത്. ഐസ്ആര്‍ഒയുടെ ഏറ്റവും വലിയ ഭൗമ വിക്ഷേപണമാണിത്.
27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണ് ഈ വിക്ഷേപണത്തിലൂടെ പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കുക. നവംബര്‍ 25ന് രാവിലെ 9:28ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 27-ാം തീയതിയിലേക്ക് മാറ്റി വെക്കുകയായിരുന്നു. 97.5 ഡിഗ്രി ചരിവില്‍ 509 കിലോമീറ്റര്‍ ഭ്രമണ പഥത്തിലാണ് കാര്‍ട്ടോസാറ്റ്-3 സ്ഥാപിക്കുക. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റിനൊപ്പം പിഎസ്എല്‍വി വഹിക്കുന്നുണ്ട്. ഐഎസ്ആര്‍ഒയുടെ പുതിയ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ് യുഎസ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനു നേതൃത്വം കൊടുക്കുന്നത്.
പിഎസ്എല്‍വിയുടെ 49-ാമത് വിക്ഷേപണമാണ് ഇത്. 1,625 കിലോഗ്രാം ഭാരമാണ് കാര്‍ട്ടോസാറ്റ്-3ന് ഉള്ളത്. ബഹിരാകാശത്ത് ഇതിന് അഞ്ചു വര്‍ഷമാണ് കാലാവധി. ഉയര്‍ന്ന റസല്യൂഷന്‍ ഇമേജിങ് ശേഷിയുള്ള മൂന്നാം തലമുറയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-3. കാര്‍ട്ടോസാറ്റ് 2-നേക്കാള്‍ വ്യക്തമായി സ്ഥലങ്ങളുടെ മാപ്പുകള്‍ തയ്യാറാക്കാനും ചിത്രങ്ങള്‍ എടുക്കാനും കാര്‍ട്ടോസാറ്റ് 3-ക്ക് സാധിക്കും. കാലാവസ്ഥ മാപ്പിങ്, ഭൂപടങ്ങളെ സംബന്ധിച്ച പഠനം എന്നിവയ്‌ക്കും ഈ ഉപഗ്രഹം ഉപയോഗപ്പെടുത്താം.
അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ആര്‍ഒയുടെ പുതിയ പദ്ധതി. അതിര്‍ത്തികള്‍ നിരീക്ഷിക്കാനുള്ള അത്യാധുനിക സംവിധാനമാണ് കാര്‍ട്ടോസാറ്റ് -3യില്‍ ഒരുക്കിയിട്ടുള്ളത്. ഭീകരരേയും അവരുടെ ഒളിത്താവളങ്ങളെയും കണ്ടെത്താന്‍ സൈനിക നിരീക്ഷണത്തിന് സഹായിക്കുന്ന ഏറ്റവും നൂതനമായ സാറ്റലൈറ്റാണ് കാര്‍ട്ടോസാറ്റ് -3. അമേരിക്കയുടെ ഉപഗ്രഹങ്ങളില്‍ 12 എണ്ണം ഫ്ളോക്ക് -4 പി വിഭാഗത്തില്‍പെട്ട ഭൂമി നിരീക്ഷണ ഉപഗ്രഹങ്ങളാണ്.
















