കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് ഒരുങ്ങി. കലോത്സവത്തിന് നാളെ രാവിലെ കൊടി ഉയരും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയാകും. നടന്‍ ജയസൂര്യയും ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കും. സമാപന സമ്മേളനം ഡിസംബര്‍ 1ന് വൈകുന്നേരം 4മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. നടി ബിന്ദുജ മേനോന്‍, നടന്‍ രമേഷ് പിഷാരടി എന്നിവര്‍ പങ്കെടുക്കും.
28ന് രാവിലെ 8ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു പ്രധാനവേദിയായ ഐങ്ങോത്ത് മൈതാനിയില്‍ പതാക ഉയര്‍ത്തും. നാലു ദിവസത്തെ കലോത്സവത്തില്‍ 10,100 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ആകെ 239 ഇനങ്ങളിലാണ് മത്സരം. കാഞ്ഞങ്ങാട്ടെത്തുന്ന മത്സരാര്‍ഥികള്‍ക്കായി 40 ബസുകള്‍ അഞ്ചു മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും. 28 വേദികളിലാണ് മത്സരം. ഇതിനു പുറമെ മൂന്നു വേദികളിലായി എക്‌സിബിഷനും സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
മത്സരം കഴിഞ്ഞ ഉടന്‍ വേദിയില്‍ ഫലം പ്രഖ്യാപിക്കും. പൂമരം ആപ്പ് വഴി ലോകത്തെവിടെ നിന്നും ഫലം അറിയാം. സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും പ്രധാന വേദിക്ക് സമീപമുള്ള കൗണ്ടറില്‍ സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവനാളുകള്‍ക്കും ട്രോഫി നല്‍കും.
717 വിധികര്‍ത്താക്കളും 200 റിസര്‍വ് വിധികര്‍ത്താക്കളും ഉണ്ടാകും. എല്ലാ വേദികളിലും പ്രത്യേക നിരീക്ഷണ സംഘങ്ങളെയും വിന്യസിക്കും. മത്സരവേദികളില്‍ മത്സരാര്‍ഥിക്കും അനുഗമിക്കുന്ന അധ്യാപകനും മാത്രമായിരിക്കും പ്രവേശനം. മത്സരാര്‍ഥികളുടെ റജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മുതല്‍ ആരംഭിക്കും.
മഹാകവി പി. കുഞ്ഞിരാമന്‍ നായരുടേതുള്‍പ്പെടെ കാസര്‍കോട് ജില്ലക്കാരായ 30 പ്രമുഖരുടെ പേരുകളിലാണ് വേദികള്‍ തയാറാക്കിയിരിക്കുന്നത്. കാസര്‍കോടിന്റെ അഭിമാനമായ ബേക്കല്‍കോട്ടയുടെ പശ്ചാത്തലത്തില്‍ പെന്‍സില്‍ രൂപത്തില്‍ കൊത്തിയെടുത്ത കൊടിമരത്തിലെ പേനത്തുമ്പില്‍ കലോത്സവ കൊടി ഉയരുന്നതോടെയാണ് കലാമാമാങ്കത്തിന് തുടക്കമാവുക.
















