ചെന്നൈ: ഇന്ത്യയുടെ മൂന്നാം തലമുറയില്‍പ്പെട്ട ഭൗമനിരീക്ഷണ ഉപഗ്രഹം കാര്‍ട്ടോസാറ്റ് മൂന്നിന്റെ വിക്ഷേപണം ഇന്ന്. രാവിലെ 9.28ന് ഉപഗ്രഹം വഹിച്ച് പിഎസ്എല്‍വി സി 47 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയരും. വിക്ഷേപണത്തിന്റെ 26 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ രാവിലെ 7.28ന് തുടങ്ങി.
1625 കിലോഭാരമുള്ള ഉപഗ്രഹത്തെ റോക്കറ്റ് 509 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കും. ഇതിനൊപ്പം അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. വിക്ഷേപിച്ച് 17-ാം മിനിറ്റില്‍ റോക്കറ്റ് കാര്‍ട്ടോസാറ്റിനെ നിര്‍ദിഷ്ട ഭ്രമണപഥത്തില്‍ എത്തിക്കും. ഒരു മിനിറ്റിനുശേഷം 13 നാനോ ഉപഗ്രഹങ്ങളിലെ ആദ്യത്തേതിനെ അതിന്റെ ഭ്രമണപഥത്തില്‍ എത്തിക്കും. വിക്ഷേപിച്ച് 26 മിനിറ്റും 50 സെക്കന്‍ഡും കഴിയുമ്പോള്‍ മുഴുവന്‍ ഉപഗഹങ്ങളെയും അതത് പഥങ്ങളില്‍ എത്തിച്ചിരിക്കും. പിഎസ്എല്‍വി (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) പരമ്പരയില്‍ പെട്ട റോക്കറ്റിന്റെ 49-ാമത് വിക്ഷേപണമാണിത്.
















