തൃശൂര്‍: ചാലക്കുടിലെ സ്വകാര്യ സ്‌കൂളില്‍ വെച്ച് ഒമ്പത് വയസുകാരനു പാമ്പുകടിയേറ്റു. സി എം ഐ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ജെറാള്‍ഡിനാണ് പാമ്പുകടിയേറ്റത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാമ്പുകടിയേല്‍ക്കുന്നതിന് സമാനമായ പാടുകള്‍ കാലിലുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പരിശോധനയില്‍ വിഷം രക്തത്തില്‍ കലര്‍ന്നിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
കൂടാതെ തൃശൂരിലെ ഒളരി സ്‌കൂളില്‍ നിന്നും പാമ്പിനെ കണ്ടെത്തിയതും സര്‍ക്കാര്‍ സ്കൂളുകളുടെ ശോചനീയവസ്ഥ ചൂണ്ടിക്കാട്ടുന്നു. അധ്യാപകരുടെ മുറില്‍ നിന്നാണ് അണലിയെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വയനാട് ബത്തേരിയില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒട്ടാകെ ഉള്ള സ്‌കൂളുകളില്‍ ജാഗ്രത പാലിക്കുന്നതിന് ഇടയിലാണ് സമാന സംഭവം ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷെഹല ഷെറിനാണ് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ചത്.
















