കൊച്ചി: രജിസ്റ്റര്‍ ചെയ്ത എത്ര പേര്‍ക്ക് ജോലി നല്‍കിയെന്നതിനെപ്പറ്റി യാതൊരു കണക്കുമില്ലാതെ നോര്‍ക്കാ റൂട്ട്‌സ്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 55,534 പേര്‍ നോര്‍ക്ക റൂട്ട്‌സിന്റെ ജോബ് പോര്‍ട്ടിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി സമര്‍പ്പിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പ്രചാരണ പരിപാടികള്‍ക്കായി ലക്ഷങ്ങള്‍ ചെലവിടുന്നതായി സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പണം ചെലവഴിച്ചതല്ലാതെ സംസ്ഥാനത്ത് ജോലി ലഭിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നുമില്ല.
പ്രവാസി സംരംഭകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ബിസിനസ് ഫസിലിറ്റേഷന്‍ സെന്റര്‍ (എന്‍ബിഎഫ്‌സി) കണ്‍സള്‍ട്ടന്‍സിക്കായി മാത്രം നോര്‍ക്ക റൂട്ട്‌സ് ചെലവഴിച്ചത് 52 ലക്ഷം രൂപയെന്നും വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനാണ് തുക നല്‍കിയത്. പ്രചാരണത്തിന് ചെലവാക്കിയത് 18 ലക്ഷം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും മറ്റു ചെലവുകള്‍ക്കുമായി 12 ലക്ഷം.
ഫെബ്രുവരി 23ന് നോര്‍ക്ക റൂട്ട്‌സ് ആരംഭിച്ച എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റിലേക്ക് നാനൂറോളം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചത്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത 113 പേരില്‍ 75 നേഴ്സുമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് നിയമനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന് വിവരാവകാശ രേഖയില്‍ പറയുന്നുണ്ടെങ്കിലും വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറല്ല. കൂടാതെ നോര്‍ക്ക ഡയറക്ടര്‍ പ്രളയദുരിതാശ്വാസ നിധിയിലേയ്‌ക്ക് എത്ര തുക നല്‍കിയെന്ന ചോദ്യത്തിനും നോര്‍ക്ക ഉത്തരം നല്‍കിയിട്ടില്ല.
















