കൊച്ചി : ഭക്തരുടെ ശക്തമായ എതിര്‍പ്പില്‍ ശബരിമലയില്‍ എത്താനാകാതെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വീണ്ടും തിരിച്ച് മടങ്ങുന്നു. സംരക്ഷണം വേണമെന്ന തൃപ്തിയുടെ ആവശ്യത്തെ പോലീസ് ശക്തമായി ശക്തമായി എതിര്‍ത്തതോടെയാണ് ഇവര്‍ തിരിച്ചു പോകാന്‍ ഒരുങ്ങിയത്.
സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സംരക്ഷണം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടതെങ്കിലും ഡിസിപി കെ.പി. ഫിലിപ്പ് ഇവരെ അനുനയിപ്പിച്ച് ഇവരെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. ആദ്യം ശബരിമലയിലേക്ക് സംരക്ഷണം നല്‍കിയില്ലെങ്കിലും പോകുമെന്ന് അറിയിച്ച തൃപ്തി ദേശായി പിന്നീട് ഭക്തരില്‍ നിന്നുള്ള പ്രതിഷേധവും ശക്തമായതോടെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന രാത്രി 12.20 നുള്ള വിമാനത്തിലാണ് ഇവര്‍ മടങ്ങുക.
പോലീസ് സംരക്ഷണം നല്‍കില്ലെന്ന് അറിയിച്ചതോടെ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ തടിച്ചുകൂടിയ ഭക്തര്‍ പിരിഞ്ഞുപോകാന്‍ തുടങ്ങി. തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്ന് പോലീസ് അറിയിച്ചതായി കര്‍മ്മസമിതി പറഞ്ഞു. പോലീസില്‍ നിന്നും ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഓഫീസിലെ നാമജപ പ്രതിഷേധവും അവസാനിപ്പിച്ചു. അതേസമയം തൃപ്തി ദേശായിയേയും സംഘത്തേയും പോലീസ് സംരക്ഷണയില്‍ വിമാനത്താവളത്തിലേക്ക് എത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. അഞ്ചംഗ സംഘത്തിനൊപ്പമാണ് തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും ദേശായിയ്‌ക്ക് പിന്തുണ നല്‍കാന്‍ എത്തിയിരുന്നു. കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ ആക്രമണവും ഉണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ നിലവില്‍ സെന്‍ട്രല്‍ പോലീസ് സ്്‌റ്റേഷനിലാണ്.
യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിധിയില്‍ അവ്യക്ത ഉള്ളതിനാല്‍ ശബരിമല കയറാന്‍ സുരക്ഷ നല്‍കാനാകില്ലെന്ന നിലപാടിലാണ് ഇത്തവണ പോലീസ്.
















