ന്യൂദല്‍ഹി: മഹാരാഷ്‌ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എന്‍.വി. രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്ഥിരം സ്പീക്കര്‍ എന്ന ബിജെപി ആവശ്യം കോടതി തള്ളി. പ്രോടൈം സ്പീക്കറെ നിയമിച്ച് നാളെ വൈകിട്ട് അഞ്ചിന് വിശ്വാസവോട്ട് നടത്താനാണ് ഉത്തരവ്. രഹസ്യബാലറ്റ് പാടില്ലെന്നും നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും കോടതി.
ഗവര്‍ണര്‍ നല്‍കിയ പതിനാല് ദിവസത്തെ സമയം അനുവദിക്കണമെന്ന് ഫട്‌നാവിസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഇന്നലെ വാദിച്ചിരുന്നു. ചട്ടപ്രകാരം പ്രോടൈം സ്പീക്കറെ അല്ല നിയമിക്കേണ്ടതെന്നും സഭ സമ്മേളിച്ച് സ്പീക്കറേയും മറ്റ് കക്ഷി നേതാക്കളേയും തീരുമാനിച്ച ശേഷമാകണം വിശ്വാസവോട്ടെടുപ്പെന്നും റോത്തഗി സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.
അതേസമയം, ജനാധിപത്യത്തിലെ സുതാര്യതക്ക് വേണ്ടി 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് അഭിഷേക് സിങ്‌വി വാദിച്ചിരുന്നു തുടര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പില്‍ ഇന്നു പത്തരയ്‌ക്ക് വിധി പറയുമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.
മഹാരാഷ്‌ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ പത്തരയ്‌ക്ക് സുപ്രീം കോടതിയില്‍ വാദം ആരംഭിച്ചപ്പോള്‍ ഫട്‌നാവിസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും ഗവര്‍ണര്‍ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമാണ് ഹാജരായത്. എന്‍സിപിയുടെ നിയമസഭ കക്ഷി നേതാവ് അജിത് പവാര്‍ നല്‍കിയ പിന്തുണക്കത്തില്‍ 54 എന്‍സിപി എംഎല്‍എമാരുടേയും ഒപ്പുണ്ടായിരുന്നെന്നും അതൊന്നും വ്യാജമല്ലെന്നും തുഷാര്‍ മേത്ത വാദിച്ചിരുന്നു. ഗവര്‍ണര്‍ക്ക് പിന്തുണക്കത്തുകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ അതില്‍ കൂടുതല്‍ തെളിവെടുപ്പിന്റെ ആവശ്യം അദ്ദേഹത്തിനില്ല. പിന്തുണ പ്രഖ്യാപിച്ചുള്ള കത്തുകളുടെ അടിസ്ഥാനത്തില്‍ തികച്ചും ഭരണഘടനപരമായാണ് ഗവര്‍ണറുടെ നടപടിയെന്നും തുഷാര്‍ മേത്ത വ്യക്തമാക്കിയിരുന്നു.
















