കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിര്‍മാണത്തിലിരുന്ന കാന്‍സര്‍ സെന്റര്‍ കെട്ടിട്ടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. കെട്ടിട്ടത്തിന്റെ കോണ്‍ക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞു വീണത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിര്‍മാണത്തിലുണ്ടായ അപാകതയാണ് അപകടത്തിന് കാരണം.
പരിക്കേറ്റവരെ കളമശ്ശേരി മെഡി.കോളേജില്‍ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരെല്ലാം നിര്‍മ്മാണ തൊഴിലാളികളാണ്. വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായതെന്നും സൂചനയുണ്ട്. പരിക്കേറ്റ തൊഴിലാളികളെ കൂട്ടത്തോടെ മെഡിക്കല്‍കോളേജില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് രാത്രിയോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇന്‍കലിനാണ് കാന്‍സര്‍ സെന്ററിന്റെ നിര്‍മാണച്ചുമതല. തമിഴ്‌നാട്ടില്‍ നിന്നുള്ള പിആന്‍ഡ് സി പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരാര്‍ നല്‍കിയിരിക്കുന്നത്. അതേസമയം അപകടം കഴിഞ്ഞ് ഇത്ര നേരമായിട്ടും നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ പ്രതിനിധികളാരും സ്ഥലത്ത് എത്തിയിട്ടില്ല എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കെട്ടിട്ടത്തില്‍ ആളുകള്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാന്‍ പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ നിര്‍മ്മാണത്തില്‍ അപാകതയെന്നു മാസങ്ങള്‍ക്ക് മുമ്പ് തന്നെ കരാര്‍ കമ്പനിക്കും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
















