പത്തനംതിട്ട: ശബരിമല പാതയില്‍ മരക്കൂട്ടത്തിനടുത്ത് വന്‍ മരം വീണ് എട്ട് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഭക്തരെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയ്യപ്പന്‍മാര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ചന്ദ്രാനന്ദന്‍ റോഡിലേയ്‌ക്കാണ് വന്‍ മരം വീണത്. റോഡിലെ കൈവരികള്‍ തകര്‍ന്നു. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി വഴിയിലൂടെയുള്ള യാത്ര പുനസ്ഥാപിച്ചിട്ടുണ്ട്.
പരിക്കേറ്റ അയ്യപ്പന്‍മാരായ പ്രേമന്‍, രവി, ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയിലും, ചിറ്റാര്‍ സ്വദേശികളായ അനില്‍കുമാര്‍, ശാന്ത എന്നിവരെ ചരല്‍മേട് ആശുപത്രിയിലും ആന്ധ്ര സ്വദേശികളായ സതീശന്‍, നാഗേശ്വര റാവു എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് സാരമായി പരിക്കുള്ളതായാണ് റിപ്പോര്‍ട്ട്. തമിഴ്നാട് സ്വദേശി ശ്രീനുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
















