ന്യൂദല്‍ഹി: അപൂര്‍വമായ വൃക്ക ശസ്ത്രക്രിയയ്‌ക്കു ശേഷം ഗിന്നസ് ബുക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടാന്‍ ഒരുങ്ങുന്നു ന്യൂദല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രി. ആയിരത്തില്‍ ഒരാള്‍ക്ക് ബാധിക്കാന്‍ സാധ്യതയുള്ള വൃക്ക രോഗം ബാധിച്ച അമ്പത്താറുകാരനില്‍ നടത്തിയ ശസ്ത്രക്രിയയാണ് സവിശേഷമായത്. നീക്കം ചെയ്ത വൃക്കയുടെ ഭാരം 7.4 കിലോഗ്രാം. 32 സെന്റീമീറ്റര്‍ നീളവും 21.8 സെന്റീമീറ്റര്‍ വീതിയും. ലോകത്തിലെ തന്നെ ഏറ്റവും ഭാരം കൂടിയ മൂന്നാമത്തെ വൃക്ക ശസ്ത്രക്രിയയായിരുന്നു ഇതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സാധാരണ അവസ്ഥയില്‍ ഒരു വൃക്കയ്‌ക്ക് 120 മുതല്‍ 150 ഗ്രാം വരെയാണ് ഭാരം.
ഔട്ടൊസോമല്‍ ഡോമിനന്റ് പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ് (എഡിപികെഡി) എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. കടുത്ത ഉദരവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സക്കെത്തിയ രോഗിയെ കൂടുതല്‍ പരിശോധിച്ചപ്പോഴാണ് വൃക്ക സംബന്ധമായ രോഗമാണെന്ന് കണ്ടെത്തിയതെന്ന് ശസ്ത്രക്രിയയ്‌ക്കു നേതൃത്വം നല്‍കിയ ഡോ. സച്ചിന്‍ കതുരിയ പറഞ്ഞു. ഇരു വൃക്കകളിലും അണുബാധ കണ്ടെത്തി.
ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു. ഒന്‍പതു കിലോഗ്രാം (അമേരിക്ക), 8.7 കിലോഗ്രാം (നെതര്‍ലന്‍ഡ്‌സ്) എന്നിങ്ങനെ ഭാരം കൂടിയ രണ്ടു വൃക്കകളെക്കുറിച്ചാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതെന്നും ഡോ. സച്ചിന്‍ പറഞ്ഞു. ശസ്ത്രക്രിയയിലൂടെ ഭാരം കൂടിയ വൃക്ക നീക്കം ചെയ്തതിന്റെ റെക്കോഡ് ഇപ്പോള്‍ ദുബായ്‌യിലെ ആശുപത്രിക്കാണ്. 2017ല്‍ അവിടെ എഡിപികെഡി രോഗബാധിതന്റെ ശരീരത്തില്‍ നിന്ന് 4.25 കിലോ ഭാരമുള്ള വൃക്കയാണ് നീക്കം ചെയ്തത്.
















