ഛണ്ഡിഗഡ്: രാജ്യത്തിന്റെ പാരമ്പര്യം കുടികൊള്ളുന്ന സുപ്രധാന സ്ഥലമായ കുരുക്ഷേത്രയില്‍ ഭാരത് മാതാ ക്ഷേത്രം നിര്‍മിക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. രാജ്യത്തിന്റെ സുപ്രധാന മതസാംസ്‌കരിക കേന്ദ്രമായി കുരുക്ഷേത്രയെ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇത്. അഞ്ചേക്കറില്‍ ഉയരുന്ന ക്ഷേത്രസമുച്ചയത്തില്‍ തീര്‍ത്ഥാടകര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. ബ്രഹ്മസരോവറിനു ജ്യോതിസറിനും ഇടയിലാകും ക്ഷേത്രം നിര്‍മിക്കുക. അന്താരാഷ്‌ട്ര ഗീത മഹോത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഖട്ടാറിന്റെ പ്രഖ്യാപനം. രാജ്യത്തിന്റെ ഐക്യത്തിന്റേയും സംസ്‌കാരത്തിന്റേയും പ്രതീകമായിരിക്കും ക്ഷേത്രം. കുരക്ഷേത്രയില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ 2000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം സ്ബ്‌സിഡി നിരക്കില്‍ നല്‍കും. കുരുക്ഷേത്രയെ മതസാംസ്‌കാരിക കേന്ദ്രത്തോടൊപ്പം ടൂറിസം പ്രോത്സാഹനവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനു പുറമേ കുരുക്ഷേത്ര വികസന ബോര്‍ഡും മറ്റു സാമൂഹിക സാംസ്‌കാരിക സംഘടനകളും കുരുക്ഷേത്രയെ മത-സാംസ്‌കാരിക ഹബാക്കി മാറ്റാനുള്ള പ്രയത്‌നത്തിലാണ്.
കഴിഞ്ഞ അന്താരാഷ്‌ട്ര ഗീതോത്സവത്തില്‍ 40 ലക്ഷത്തോളം പേര്‍ കുരുക്ഷേത്ര സന്ദര്‍ശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.ഈ വര്‍ഷം അന്താരാഷ്‌ട്ര ഗീത മഹോത്സവം ഡിസംബര്‍ 3 മുതല്‍ ഡിസംബര്‍ 8 വരെയാണ്. അതുല്യ ഭാരതത്തിന്റെ ലോഗോ മഹോത്സവത്തില്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതം നല്‍കിയതില്‍ അഭിമാനമുണ്ടെന്നും ഖട്ടാര്‍.
















