ഉത്തര്‍പ്രദേശ്: കൊടും തണുപ്പ് ആരംഭിക്കാനിരിക്കെ പുണ്യനഗരമായ അയോധ്യയില്‍ പശുക്കള്‍ക്ക് ചണംകൊണ്ടുള്ള കോട്ട് നല്‍കാനൊരുങ്ങി സര്‍ക്കാര്‍. അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത്.
250-300 രൂപയാണ് ഒരുകോട്ടിനായി വരുന്ന ചിലവായി കണക്കാക്കുന്നത്. നാലു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്ന് നഗര്‍ നിഗം കമ്മീഷണര്‍ നീരജ് ശുക്ല പറഞ്ഞു. തുടക്കത്തില്‍ ബേസിങ് പൂരിലെ പശുസംരക്ഷണകേന്ദ്രത്തിലാണ് പദ്ധതിക്ക് തുടക്കമിടുക. കിടാവുകളുള്‍പ്പെടെ 1800 ലധികം കന്നുകാലികളാണ് ഇവിടെയുള്ളത്. ശരീരപ്രകൃതി അനുസരിച്ച് പ്രത്യേകമായി രൂപകല്‍പന ചെയ്തതാണ് കോട്ടുകള്‍. കൂടുതല്‍ ചൂടുലഭിക്കാനാണിത്. ചണം കൂടാതെ അകത്തെ പാളിയില്‍ മൃദുവായ തുണികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കിടാവുകള്‍ക്കായി മൂന്ന് ലെയറുകളിലായി നിര്‍മിച്ചിരിക്കുന്ന കോട്ടുകളാണ്തയ്യാറാക്കുന്നത്. കാളകള്‍ക്കും പശുക്കള്‍ക്കും വ്യത്യസ്ത ഡിസൈനിലുള്ള കോട്ടുകളാണ് തയ്യാറാക്കുക. നവംബര്‍ അവസാനത്തോടെ ആദ്യഘട്ടത്തില്‍ ഓര്‍ഡര്‍ ചെയ്ത നൂറു പുതപ്പുകള്‍ എത്തും.
ആദ്യം കൊണ്ടുവരുന്ന കോട്ടുകള്‍ പശുക്കളില്‍ പരീക്ഷിച്ചുനോക്കിയ ശേഷം പദ്ധതി വിജയിക്കുമെന്നു കണ്ടാല്‍ ഇത് സംസ്ഥാനം മുഴുവന്‍ ആവിഷ്‌കരിക്കുമെന്ന് അയോധ്യയിലെ മേയറും ബിജെപി നേതാവുമായ ഋഷികേശ് ഉപധ്യായ പറഞ്ഞു. ചികിത്സയ്‌ക്കായി വാഹനസൗകര്യവും ഒരുക്കുന്നുണ്ട്.
















