കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കരിംപൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സംസ്ഥാനത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഒത്താശയോടെ അക്രമം അഴിച്ചു വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി സ്ഥാനാര്‍ഥി ജയ് പ്രകാശ് മജുംദാറിനെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്ത തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ടിങ് നടക്കുന്ന മേഖലയിലും മറ്റുമായി ബോധപൂര്‍വ്വം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു.
പിപുല്‍ഘോല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ബംഗാളിലെ ഖിയാഘട്ട് ഇസ്ലംപൂര്‍ പ്രൈമറി സ്‌കൂളിലെ ബൂത്തിന് പുറത്താണ് തൃണമൂലിന്റെ അഴിഞ്ഞാട്ടം. ബൂത്തിന് പത്ത് മീറ്റര്‍ അകലെയുള്ള വീട്ടില്‍ ഭക്ഷണം ലഭിക്കുമെന്ന് അറിഞ്ഞ് അങ്ങോട്ട് പോകുന്നതിനിടെയാണ് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സ്ഥാനാര്‍ഥിക്ക് നേരെ അക്രമണം ഉണ്ടായത്. പത്ത് പതിനൊന്ന് പേര്‍ ചേര്‍ന്ന് ഭക്ഷണം പാചകം ചെയ്യുന്നത് കണ്ടു. അന്വേഷിച്ചപ്പോള്‍ തെരഞ്ഞെടുപ്പിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണ് ഭക്ഷണമെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ അത്തരത്തിലൊരു അറിവ് ഉദ്യോഗസ്ഥര്‍ക്ക് പോലും ലഭിച്ചിട്ടില്ല. ഈ കാര്യം ബിജെപി സ്ഥാനാര്‍ഥി മജുംദാര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും അധികൃതരേയും അറിയിച്ചു. തുടര്‍ന്ന് വഴിവക്കില്‍ നില്‍ക്കുകയായിരുന്ന മജുംദാറിനെ കുറച്ച് പേര്‍ വളയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. അക്രമികള്‍ മുജുദാറിന്റെ കോളറില്‍ കുത്തിപിടിക്കുകയും തള്ളുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു അക്രമി മജുദാറിനെ ചവിട്ടി വീഴ്‌ത്തി. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് തൃണമൂല്‍ അക്രമികളില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയെ രക്ഷപ്പെടുത്തിയത്. അക്രമികളെ ലാത്തി ചാര്‍ജ്ജ് ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ഓടിച്ചു.
അക്രമത്തില്‍ കൈക്കും മുതുകിനുമെല്ലാം പരിക്കേറ്റതായി മജുംദാര്‍ പറഞ്ഞു. തനിക്കുണ്ടായ മുറിവ് മാറും. എന്നാല്‍ സംസ്ഥാനത്ത് ഉണ്ടായ മുറിവില്‍ (മമതാ സര്‍ക്കാര്‍) നിന്ന് ബംഗാള്‍ ജനത എപ്പോള്‍ മുക്തമാകുമെന്ന് മജുംദാര്‍ വിമര്‍ശിച്ചു.
















