കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ 900 ത്തോളം ഐഎസ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും അഫ്ഗാന്‍ സുരക്ഷാ സേനക്കുമുന്നില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഇവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്. പത്ത് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നവംബര്‍ 12നാണ് അഫ്ഗാന്‍ സേന നാന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ ആക്രമണം തുടങ്ങിയത്. സുരക്ഷ സേനയോട് പിടിച്ചു നില്‍ക്കാന്‍ പറ്റാത്തതിനാല്‍ മണിക്കൂറുകള്‍ക്കകം തന്നെ 93 പേര്‍ കീഴടങ്ങിയിരുന്നു. ഏറ്റുമുട്ടല്‍ ശക്തമായതോടെ ബാക്കിയുള്ളവര്‍ കൂടി കീഴടങ്ങുകയായിരുന്നു. ഇവരില്‍ പതിമൂന്ന് പേര്‍ പാകിസ്ഥാനികളാണ്.
ഇതുവരെ കീഴടങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കീഴടങ്ങിയ പത്ത് ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും മലയാളികളായ സ്ത്രീകളും കുട്ടികളുമാണ്. ഇവരെ കാബൂളില്‍ എത്തിച്ചതായി അഫ്ഗാന്‍ സേന അറിയിച്ചു. 2016-ല്‍ 12-ഓളം പേര്‍ ഐഎസില്‍ ചേരാന്‍ കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നു.
കീഴടങ്ങിയ മലയാളികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സേന തയ്യാറായില്ല. വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നുവെങ്കിലും നാന്‍ഗര്‍ഹറില്‍ ധാരാളം ഭീകരര്‍ ഉണ്ടെന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്.
















