ബത്തേരി: ക്ലാസ് മുറിയില്‍ പത്ത് വയസുകാരി ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് തെളിവുകള്‍ ശേഖരിക്കും. അന്വേഷണ ചുമതലയുള്ള എഎസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബത്തേരിയിലെ ഗവ. സര്‍വജന സ്‌കൂളിലെത്തിയാണ് തെളിവെടുപ്പ് നടത്തുക. അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴി എടുത്തേക്കുമെന്നാണ് സൂചന.
അതേസമയം വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച കേസില്‍ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവില്‍ തുടരുകയാണ്. കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ, പ്രധാനാധ്യാപകന്‍ മോഹന്‍കുമാര്‍, പ്രിന്‍സിപ്പല്‍ കരുണാകരന്‍, അധ്യാപകന്‍ ഷിജില്‍ എന്നിവരാണ് ഒളിവില്‍ തുടരുന്നത്. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകള്‍ സംയുക്തമായി സ്‌കൂളില്‍ ശുചീകരണം നടത്തുന്നുണ്ട്. സ്‌കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ നാളെ ആരംഭിക്കും.
അതേസമയം, ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വ്വജന സ്‌കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കാനും പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം പണിയാനും ഇന്നലെ ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു. വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. സ്‌കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നല്‍കാനും ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
















