മുംബൈ: മഹാരാഷ്‌ട്രയില്‍ വിശ്വാസവോട്ട് നിയമസഭയില്‍ വരുമ്പോള്‍ നിര്‍ണായകമാവുക 29 എംഎല്‍എമാരുടെ നിലപാട്. സ്വതന്ത്രരും ചെറുപാര്‍ട്ടികളില്‍ പെട്ടവരുമാണ് ഇവര്‍.കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിന് 13 സ്വതന്ത്ര എംഎല്‍എമാരില്‍ പതിനൊന്നുപേരുടെ പിന്തുണയുണ്ട്. ചെറുപാര്‍ട്ടികളുടെ ഏഴ് എംഎല്‍എമാരും ബിജെപിക്കൊപ്പമുണ്ട്.
തെരഞ്ഞെടുപ്പുകാലത്തെ നിലപാടുകളില്‍ ചിലര്‍ മാറ്റം വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പെസന്റ്‌സ് വര്‍ക്കേഴ്‌സ് പാര്‍ട്ടി എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമാണ് മത്സരിച്ചത്. എന്നാല്‍, അവരുടെ എംഎല്‍എ ശ്യാംസുന്ദര്‍ ഷിന്‍ഡെ ബിജെപിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബഹുജന്‍ വികാസ് അഘാടിയിലെ മൂന്ന് എംഎല്‍എമാരുടേയും യുവസാഭിമാന്‍ പാര്‍ട്ടി, ജന്‍സുരാജ്യ ശക്തി എന്നിവയുടെ ഓരോ എംഎല്‍എമാരുടേയും പിന്തുണ ബിജെപിക്കാണ്. ബിജെപി സഖ്യത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാഷ്‌ട്രീയ സമാജ് പക്ഷിന് ഒരു എംഎല്‍എയുണ്ട്.
ബിജെപി സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ച് മിരാഭയന്തര്‍ മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിച്ചു ജയിച്ച ഗീത ജെയിന്‍ തന്റെ പിന്തുണ ബിജെപിക്കാണെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പു കാലത്തെ സംഭവങ്ങള്‍ വേറൊരു സാഹചര്യത്തിലായിരുന്നു. താന്‍ ഹൃദയത്തോടു ചേര്‍ത്തു വച്ചിരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും കഴിയില്ല, ഗീത പറഞ്ഞു.
വിദര്‍ഭയില്‍ നിന്ന് രണ്ട് എംഎല്‍എമാരുള്ള പ്രഹാര്‍ ജനശക്തി പാര്‍ട്ടിയുടെ പിന്തുണ ശിവസേനയ്‌ക്കാണ്. പാര്‍ട്ടിയുടെ നേതാവ് ബച്ചു കുഡു ശിവസേന എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലില്‍ അവര്‍ക്കൊപ്പമുണ്ട്. രണ്ട് എംഎല്‍എമാരുള്ള അസാദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടി ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷത്തിരിക്കും എന്നാണ് ഒവൈസി നേരത്തേ പറഞ്ഞത്. ആ നിലപാടില്‍ മാറ്റമില്ല, പാര്‍ട്ടി സംസ്ഥാന നേതാവ് വാരിസ് പത്താന്‍ പറയുന്നു. രണ്ട് എംഎല്‍എമാരുള്ള സമാജ്‌വാദി പാര്‍ട്ടിയും ഒരു പ്രതിനിധിയുള്ള സിപിഎമ്മും നിലപാടു വ്യക്തമാക്കിയിട്ടില്ല.
















