കൊച്ചി: മാറുതുറന്നു നടക്കാനുള്ള സ്ത്രീകളുടെ അവകാശത്തിനുവേണ്ടി വത്തക്കാ സമരം നടത്തി പരിഹാസം ഏറ്റുവാങ്ങിയ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ പോലീസ് സഹായം തേടി. താന്‍ ഇപ്രാവശ്യം ശബരിമലയ്‌ക്കു പോകുമെന്നും അതിനായി പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് രഹ്ന ഐജി ഓഫീസിലെത്തിയത്. 26-ാം തിയതി താന്‍ മാലയിടുമെന്നും കോടതിയുടെ പഴയ ഉത്തരവ് ഇപ്പോഴും റദ്ദാക്കിയിട്ടില്ലെന്നും രഹ്ന പറഞ്ഞു.
കഴിഞ്ഞ തവണ അയ്യപ്പ ഭക്തരുടെ മനസു വൃണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു രഹ്ന ജയിലിലായിരുന്നു. ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വകവയ്‌ക്കാതെയാണ് ഇത്തവണ കുടുംബത്തോടൊപ്പം രഹ്ന പോകാനൊരുങ്ങുന്നത്. 2016ല്‍ തൃശ്ശൂരിലെ പുലിക്കളിയില്‍ തുണിയുടുക്കാതെ നടത്തിയ പ്രകടനവും വിവാദത്തിന് വഴിവച്ചിരുന്നു. നഗ്ന ശരീരത്തില്‍ പുലി വരഞ്ഞായിരുന്നു രഹ്നയുടെ പ്രകടനം. പിന്നീട് പൂര്‍ണ്ണ നഗ്നയായി ഏകയെന്ന സിനിമയിലും രഹ്ന അഭിനയിച്ചു. തന്റെ ശരീരം വളരെ മനോഹരമെന്നാണ് രഹ്ന പറയുന്നത്.
നേരത്തെ, ശബരിമലയില്‍ പ്രവേശിക്കാന്‍ തനിക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തത് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹും,ഐ ജി മനോജ് എബ്രാഹാമുമാണെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ രംഗത്ത് വന്നിരുന്നു. മാധ്യമ പ്രവര്‍ത്തകനുമായി നടത്തിയ സംസാരത്തിനിടയിലാണ് രഹ്ന ഫാത്തിമ വിശ്വാസ ലംഘനം നടത്താന്‍ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയത്.
തന്നെ സന്നിധാനത്ത് പ്രവേശിപ്പിക്കാമെന്ന് പോലീസ് ഉറപ്പ് തന്നിരുന്നു.ആദ്യം പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട തനിക്ക് പമ്പയിലെ ഗണപതി കോവില്‍ വരെ സ്വന്തം റിസ്‌ക്കില്‍ വരാനായിരുന്നു നിര്‍ദേശം. അവിടെ നിന്ന് സംരക്ഷണം നല്‍കാമെന്ന് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ച് ബാക്കി തീരുമാനിക്കാമെന്ന് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ അറിയിച്ചെങ്കിലും താന്‍ ജില്ലാ കലക്ടര്‍ നൂഹിനോടും,ഐ ജി മനോജ് എബ്രാഹാമിനോടും സംസാരിച്ചിരുന്നതായും അവര്‍ക്ക് സന്ദേശം നല്‍കിയിരുന്നതായും സ്‌റ്റേഷനില്‍ ഉണ്ടായിരുന്നവരെ അറിയിച്ചു.
താന്‍ പുറപ്പെടും മുന്‍പും വിവരം ഇരുവരെയും അറിയിച്ചിരുന്നു.പമ്പയിലെത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് കളക്ടറും ഉറപ്പ് പറഞ്ഞു. ഗണപതി കോവില്‍ എത്തുംവരെ തന്നെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയാണെന്ന് പോലും മനസില്ലാക്കാന്‍ കഴിഞ്ഞില്ല.മല കയറാന്‍ പോലീസ് നല്ല രീതിയില്‍ സഹായിച്ചു.പക്ഷെ കുറച്ച് മുന്നോട്ട് പോയി കഴിഞ്ഞപ്പോള്‍ അയ്യപ്പ ഭക്തരുടെ പ്രതിഷേധത്താല്‍ പിന്നെ പോകാന്‍ പറ്റാതെ വന്നു. അതാണ് പിന്മാറിയതെന്ന് ഇവര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
















