മുംബൈ : മഹാരാഷ്‌ട്രയില്‍ എംഎല്‍എമാര്‍ കൂറ് മാറാതിരിക്കാന്‍ റിസോര്‍ട്ട് തന്ത്രവുമായി എന്‍സിപിയും ശിവസേനയും. ദേവേന്ദ്രഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശനിയാഴ്ച അധികാരത്തില്‍ എത്തിയിരുന്നു. ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള വിശ്വാസ വോട്ടെടുപ്പ് വേളയില്‍ ഫട്‌നാവിസ് സര്‍ക്കാരിനെ എംഎല്‍എമാര്‍ പിന്തുണയ്‌ക്കുന്നത് തടയാന്‍ വേണ്ടിയാണ് ഈ നീക്കം.
എന്‍സിപി നേതാവ് ശരത് പവാറിന്റേയും ശിവസേന നേതാവ് ഉദ്ധവ് താക്കറയുടേയും നേതൃത്വത്തിലാണ് എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്. മുംബൈയില്‍ തന്നെയുള്ള റിസോര്‍ട്ടുകളിലേക്കാണ് ഇവരെ മാറ്റിയത്. നിയമസഭയില്‍ 105 എംഎല്‍എമാരുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. ഇതാണ് എന്‍സിപി, ശിവസേന കോണ്‍ഗ്രസ് നേതൃത്വത്തിന് വെല്ലുവിളിയാകുന്നത്. കൂടാതെ സ്വതന്ത്ര എംഎല്‍എമാരില്‍ 20 പേരുടെ പിന്തുണ ബിജെപി ഫല പ്രഖ്യാപന വേളയില്‍ തന്നെ അറിയിച്ചതാണ്.
നിലവില്‍ അമ്പത് എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ശരത് പവാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അജിത് പവാറിനൊപ്പം 20 എംഎല്‍എമാര്‍ ഉണ്ടെന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. അതിനിടെ രണ്ട് എന്‍സിപി എംഎല്‍എമാരെ കാണാതായത് ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്. ഷഹാപൂര്‍ എംഎല്‍എ ദൗലത്ത് ദരോദ, നിധിന്‍ പവാര്‍ എന്നിവരെയാണ് കാണാതായത്.
















