കൊച്ചി: ശാസ്ത്രവും സമൂഹവും തമ്മില്‍ കൂടുതല്‍ ഗാഢമായ ഇടപെടലുകള്‍ നടത്തി എല്ലാ പ്രശ്‌നങ്ങള്‍ക്കും സാങ്കേതികമായ പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അനിവാര്യമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. എറണാകുളം മറൈന്‍ ഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടില്‍ ആരംഭിച്ച സ്വാശ്രയ ഭാരത്, 2019 ശാസ്ത്ര മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ ഭാരത് പോലുള്ള എക്‌സിബിഷനുകള്‍ ഇത്തരം ഇടപെടലുകള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും യുവ മനസുകളില്‍ ശാസ്ത്ര അവബോധം വളര്‍ത്താന്‍ സഹായിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ മേളയുടെ പ്രമേയം കാലാവസ്ഥാ വ്യതിയാനമാണ്. ഇന്ന് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതും കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചാണ്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് പോലുള്ള ശ്രമങ്ങള്‍ രാജ്യത്തിന് അഭിമാനം പകരുന്നവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്രവും സാങ്കേതിക വിദ്യയും ജനങ്ങളുടെ നന്മക്കുവേണ്ടി ഓരോരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസനത്തിന് പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന പല ഗവേഷണങ്ങളും സമൂഹത്തിന്റെ ആവശ്യങ്ങളുമായി ബന്ധമുള്ളതാണോ എന്ന് പരിശോധിക്കണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ജലപാതകള്‍ വികസിപ്പിച്ച് ജലമാര്‍ഗത്തിലൂടെ കേരളത്തെ ബന്ധിപ്പിക്കാനുള്ള പഠനം നടത്തണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.ഡോ. എം.എന്‍. രാജീവന്‍, ഡോ. പി.എസ്. പരമേശ്വരന്‍, ഡോ .വി.എന്‍. സജീവന്‍, ഡോ. എം. സുധാകര്‍, ജയന്ത് സഹസ്രബുദ്ധെ, ഡോ. എന്‍.ജി.കെ. പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശാസ്ത്രമേളയില്‍ ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ, സിഎസ്‌ഐആര്‍, കൊച്ചിന്‍ ഷിപ്യാര്‍ഡ്, വിവിധ സര്‍വ്വകലാശാലകള്‍ എന്നിവ പങ്കെടുക്കുന്നു. മേളയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവ നടക്കും. 26 വരെയാണ് മേള.
















