നാടകം ആരംഭിക്കാനുള്ള ഫസ്റ്റ് ബെല്‍ മുഴങ്ങാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രചയിതാവും സംവിധായകനുമായ നാരായണന് കുട്ടിയെന്ന വടക്കനാടനെ പോലീസ് അന്വേഷിച്ചു വരുന്ന മുഹൂര്‍ത്തമാണ് അയാളുടെ ജീവിതത്തിലെ യഥാര്‍ത്ഥ നാടകീയത! നാടകരംഗത്തു നിന്നുമാത്രമല്ല, ജീവിതവേദിയില്‍ നിന്നു തന്നെയുള്ള നായകന്റെ പലായനത്തിന്റെ കഥയാണ് ജോയ് നായരമ്പലത്തിന്റെ പുതിയ നോവലായ ‘ഒരു സങ്കടല്‍’
പലായനങ്ങളുടെ പൂര്ത്തീകരണങ്ങള് പലപ്പോഴും മടങ്ങിവരവുകളിലാണല്ലോ. അവിശ്വസനീയം എന്നു തന്നെ പറയണം വടക്കനാടനെന്ന ഭൗതികവാദിയുടെ സംന്യാസ ജീവിതത്തിലേക്കുള്ള രൂപമാറ്റം. പാര്‍ട്ടിക്കും പ്രത്യയ ശാസ്ത്രത്തിനും വേണ്ടി ജീവിതം വലിച്ചെറിഞ്ഞു കൊടുത്ത നായകന്റെ പിതാവ് ക്ഷയ രോഗ ബാധിതനായി മരണമടഞ്ഞതും അയാളുടെ ആത്മീയയാത്രയ്ക്ക് ഉത്തേജനമായിട്ടുണ്ടാകാം.
യതീന്ദ്രദാസ് എന്ന സംന്യാസിവര്യന്റെ വാക്കുകളില്‍ അഭയവും ആശ്വാസവും കണ്ടെത്തുന്ന ഭക്തര്‍ അയാളുടെ ആത്മസംഘര്‍ഷങ്ങള്‍ അറിയുന്നതേയില്ല. സംന്യാസ ജീവിതത്തിലേക്ക് വലിച്ചെറിയ പ്പെട്ടതാണങ്കിലും അതില്‍ അര്‍ത്ഥം കണ്ടെത്താനുള്ള അയാളുടെ പ്രയത്നം ആര്‍ജ്ജവമുള്ളതു തന്നെയാണ്. ഇതിനിടയില്‍, അയാള്‍ എഴുതിയ നാടകങ്ങളിലേതുപോലൊരു ട്വിസ്റ്റ് കഥാഗതിയില്‍ സംഭവിക്കുന്നു. ആന്മേരി എന്ന യുവതിയുടെ രംഗപ്രവേശമാണത്. ഇതോടെ, ഭൂതകാലത്തിന്റെ ഭാണ്ഡക്കെട്ടില്‍ മറഞ്ഞിരുന്ന നിഴലുകള്‍ തപ്പിത്തടഞ്ഞ് പുറത്തിറങ്ങുകയാണ്! യതീന്ദ്രദാസ് തന്നിലേക്ക് തന്നെ ഒരു ചോദ്യമെറിയുന്നു കര്‍മ്മയോഗമാണോ ജ്ഞാനയോഗമാണോ തനിക്ക് വിധിച്ചിരിക്കുന്നത്? വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു നാടകം അരങ്ങിലെത്തിക്കുന്നതിനുള്ള തത്രപ്പാടിനിടയ്ക്ക് കുറച്ച് പണം ആന്‍മേരിയില്‍ നിന്നും അയാള്‍ വാങ്ങിയിരുന്നു. തിരിച്ചു വീട്ടാനാകാത്ത ആ കടത്തിന്റെ കുറ്റബോധത്താല്‍ പ്രേരിതനായി ആന്‍മേരിക്കും ബുദ്ധിമാന്ദ്യമുള്ള അവളുടെ മകള്‍ക്കുംവേണ്ടി സംന്യാസ ജീവിതത്തോട് വിടപറയാനൊരുങ്ങുന്ന യതീന്ദ്രദാസിന്റെ ആശ്രമത്തിലേക്ക് ജീവിതദൗര്‍ഭാഗ്യങ്ങളില്‍ മനം മടുത്ത് ആന്മേരി വരുന്നത് അയാളുടെ ശിഷ്യത്വം സ്വീകരിക്കാനാണ്!
മനുഷ്യജീവിത വൈരുദ്ധ്യങ്ങള്‍ക്ക് ഇതിനേക്കാള്‍ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ മലയാളസാഹിത്യത്തില്‍ അധികമില്ല. വായനാസുഖം നല്കുന്ന ലളിതമായ ഭാഷാശൈലിയാണ് ജോയ് നായരമ്പലം നോവലിലുടനീളം അവലംഭിച്ചിരിക്കുന്നത്. ജീവിത ദുരിതങ്ങള്‍ ഓരോന്നായി ഹൃദയത്തിലേറ്റുവാങ്ങുമ്പോഴും വിട്ടുപോകാത്ത വടക്കനാടന്റെ നര്‍മ്മബോധം ചാര്‍ലിചാപ്ലിന്റെ ചില കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. നോവലിസ്റ്റിന്റെ ജീവിത നിരീക്ഷണപാടവത്തിന് നേര്‍സാക്ഷ്യം വഹിക്കുന്ന മറ്റുചില കഥാപാത്രങ്ങളും ഈ നോവലില്‍ കാണാം. ഉള്ളില്‍ നീറിപ്പിടിക്കുന്ന വേദനകളെ നേരിട്ട് നിര്‍മ്മമതയോടെ ജീവിക്കുന്ന ആന്മേരി, സമ്പത്തിന്റെ പൊങ്ങച്ചം ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന പിള്ള, പ്രതിഫലേച്ഛയൊട്ടും തന്നെയില്ലാതെ ആശ്രമത്തിലെ തൂപ്പുജോലി ചെയ്യുന്ന മേരിച്ചേടത്തി…
ഒരു സങ്കടലിന്റെ അവതാരികയില്‍ എന്‍.എം. പിയേഴ്സണ്‍ പറയുന്നു: ‘ആഗ്രഹങ്ങളും അഭിലാഷങ്ങളും പലപ്പോഴും സാക്ഷാത്കരിക്കാനുള്ളതല്ല. അതെല്ലാം സ്വപ്നം കാണാനുള്ളതാണ്. ജീവിതം നിര്‍വ്വചിക്കാനാകാത്തവിധം അജ്ഞേയമാണ്’. കൈപ്പുനീരിന്റെ രുചിയുള്ള ഈ ലോകസത്യത്തിന് നിദാനമായി തിളങ്ങുന്ന ‘ഒരു സങ്കടല്‍’വായനക്കാരന്റെ ഹൃദയത്തില്‍ നൊമ്പരങ്ങള്‍ കോറിയിടും എന്ന് തീര്‍ച്ച!
പ്രതികരിക്കാൻ ഇവിടെ എഴുതുക: