നാഗ്പൂര്‍: ബിജെപി-എന്‍സിപി സഖ്യത്തിലൂടെ മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകൃതമായപ്പോള്‍ പ്രതിസന്ധിയിലായ ശിവസേനക്ക് മറുപടിയുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ക്രിക്കറ്റിലും രാഷ്‌ട്രീയത്തിലും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന് ഗഡ്കരി വ്യക്തമാക്കി.
സാംസ്‌കാരിക പരിപാടിയായ ഖസ്ദാര്‍ മഹോത്സവില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മഹാരാഷ്‌ട്രയിലെ അനിശ്ചിതത്ത്വങ്ങളെ സംബന്ധിച്ച് നേരത്തെ നടത്തിയ പരാമര്‍ശം ഓര്‍മ്മിപ്പിച്ചു കൊണ്ട് ഗഡ്ക്കരിയുടെ പരാമര്‍ശം.
ക്രിക്കറ്റും രാഷ്‌ട്രീയവും പ്രവചനാതീതമാണെന്നും താനിത് മുന്‍പ് പറഞ്ഞിട്ടുള്ള കാര്യമാണെന്നും ഗഡ്കരി ഓര്‍മ്മിപ്പിച്ചു. അന്ന് താന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസിലായിക്കാണുമല്ലോ എന്നും അദ്ദേഹം പരിഹസിച്ചു.
രാഷ്‌ട്രീയ അനിശ്ചിതത്ത്വങ്ങള്‍ക്ക് വിരാമമിട്ട് രാവിലെ എട്ട് മണിയോടെയാണ് ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 145 സീറ്റുകളുടെ ഭൂരിപക്ഷമാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായിരുന്നത്. 105 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് സ്വതന്ത്രരുടെയും എന്‍സിപിയുടെയും പിന്തുണ ലഭിച്ചതോടെയാണ് ഫട്നാവിസ് വീണ്ടും മുഖ്യമന്ത്രിയായത്. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
















