ന്യൂദല്‍ഹി : അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നെത്തിയ പാക്കിസ്ഥാന്‍ പൗരന് ചോക്ലേറ്റും മധുര പലഹാരങ്ങളും നല്‍കി യാത്രയാക്കി മാതൃകയായി ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാനിലെ മുസാഫറാബാദ് സ്വദേശിയായ ഷബീര്‍ അഹമ്മദാണ് നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയത്
മുപ്പത്തിരണ്ടുകാരനായ ഇയാള്‍ പഞ്ജ്കോട്ട് നിവാസിയാണിയാള്‍. ഈ വര്‍ഷം മേയിലാണ് ഷബീര്‍ കശ്മീര്‍ തങ്ദാറില്‍ എത്തിപ്പെടുന്നത്. തുടര്‍ന്ന് പ്രദേശവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് സൈന്യം ഇയാള പിടികൂടി പാക്കിസ്ഥാനിലേക്ക് തിരിച്ചയയ്‌ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
ഷബീറിനെ തിരച്ചയയ്‌ക്കുന്നതിനായി ഇന്ത്യന്‍ സൈന്യം പാക് അധീനകശ്മീര്‍ അധികൃതരുമായി ബന്ധപ്പെടുകയും ഇയാളെ സ്വദേശേയ്‌ക്ക് തിരിച്ച് അയയ്‌ക്കുകയുമായിരുന്നു. ഒപ്പം മധുര പലഹാരങ്ങളും ചോക്ലേറ്റും ആശംസകളും അറിയിച്ചാണ് സൈന്യം ഷബീറിനെ തിരിച്ച് യാത്രയാക്കിയത്. ഇതോടെ ഇന്ത്യയുടെ ആതിഥ്യ മര്യാദയും സൈന്യത്തിന്റെ മനുഷ്യത്വത്തേയും പാക് ജനതയും പ്രശംസിച്ചിട്ടുണ്ട്. ഇതിനു മുമ്പും ഇത്തരത്തില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നെത്തിയവരെ തിരിച്ചയച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നിയന്ത്രണരേഖ കടന്നെത്തിയ 11 വയസുകാരനെ സൈന്യം തിരിച്ചയച്ചിരുന്നു. പൂഞ്ച് ജില്ലയിലെ ചകന്‍ ദാ ബാഗിലൂടെയാണ് കുട്ടിയെ തിരിച്ചയച്ചത്. അതുപോലെ കഴിഞ്ഞ ജൂണ്‍ 24ന് പൂഞ്ച് ജില്ലയിലെ ദേഗ്വാര്‍ പ്രദേശത്തു നിന്ന് അതിര്‍ത്തി കടന്നെത്തിയ മുഹമ്മദ് അബ്ദുള്ളയെന്നയാളെ സൈന്യം പിടികൂടിയിരുന്നു. അതേദിവസം തന്നെ സൈന്യം ഇയാളെ സ്ഥലത്തെ പൊലീസിന് കൈമാറിയിരുന്നു.
















