മുംബൈ: രാജ്യം ഒന്നാകെ അത്ഭുതത്തോടെയാണ് മഹാരാഷ്‌ട്രയില്‍ ബിജെപി- എന്‍സിപി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയത്. ഒറ്റ രാത്രികൊണ്ടാണ് മഹാരാഷ്‌ട്രയില്‍ ബിജെപി ഭരണത്തില്‍ എത്താന്‍ തീരുമാനിക്കുന്നത്. അമിത്ഷായുടെ നേരിട്ടുള്ള ഇടപെടലിലാണ് അനിശ്ചിതത്വത്തിലായിരുന്ന ഭരണം മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിക്ക് അനുകൂലമാക്കി മാറ്റിയെടുത്തത്.
വെള്ളിയാഴ്‌ച്ച ഝാര്‍ഖണ്ഡിലായിരുന്ന അമിത്ഷാ ദല്‍ഹിയില്‍ തിരിച്ചെത്തിയതോടെയാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ച മുറുകിയത്. അമിത്ഷായുടെ വസതിയില്‍ വെള്ളിയാഴ്ച രാത്രി ആരംഭിച്ച ചര്‍ച്ച പുലര്‍ച്ചെ മൂന്ന് മണിവരെ നീളുകയും ശനിയാഴ്ച രാവിലെ ബിജെപി- എന്‍സിപി സര്‍ക്കാര്‍ അധികാരത്തില്‍ എത്താന്‍ തീരുമാനിക്കുകയുമായിരുന്നു. പുലര്‍ച്ചെ നാല് മണിവരെ ടെലിഫോണിലൂടെ ദേവേന്ദ്ര ഫട്‌നാവിസും, അജിത് പവാറുമായും അമിത്ഷാ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണ് അധികാരത്തില്‍ എത്തുന്നത് സംബന്ധിച്ച് തീരുമാനമായത്.
എന്‍സിപിയുമായി ധാരണയില്‍ എത്തിയതോടെ അഞ്ച് മണിയോടെ മഹാരാഷ്‌ട്ര രാഷ്‌ട്രപതി ഭരണം അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാഷ്‌ട്രപതിഭവനിലെത്തി ഒപ്പുവെപ്പിക്കുകയായിരുന്നു. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഒരു രാത്രി ഇരുട്ടി വെളുത്തതോടെ തകിടം മറിഞ്ഞത് മുഖ്യമന്ത്രി പദത്തിനായി ബിജെപിയെ തന്നെ കാലുവാരിയ ശിവസേനയുടെ കണക്കുകൂട്ടലുകള്‍ക്കും, അമിത ആഗ്രഹങ്ങള്‍ക്കുമാണ്.
തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ മകന്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് നാടകീയമായി രംഗത്ത് എത്തി. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും ഉപമുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്‌തെങ്കിലും ശിവസേന കടുംപിടിത്തവുമായി തുടരുകയായിരുന്നു. കൂടാത സഖ്യം ഉപേക്ഷിച്ച് എന്‍സിപി- കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും ശിവസേന കരുക്കള്‍ നീക്കീ.
ശനിയാഴ്ച ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിക്കുമെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതെല്ലാം ഒരുദിവസം കൊണ്ട് അട്ടിമറിക്കപ്പെടുകയായിരുന്നു. സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിനും ശിവസേനയ്‌ക്കും ഇതോടെ ലഭിച്ചിരിക്കുന്നത്. അധികാര മോഹത്താല്‍ കാലുമാറിയ ശിവസേനയെ ഒരു പാഠം പഠിപ്പിക്കാനും ബിജെപിക്ക് സാധിച്ചു.
എന്നാല്‍ അജിത് പവാറിന്റേത് സ്വന്തം തീരുമാനം ആണെന്ന് ശരത് പവാര്‍ പ്രതികരിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അത് തള്ളിക്കളഞ്ഞു. രാഷ്‌ട്രീയത്തിലെ വലിയ ചതിയാണെന്നും എന്‍സിപി പിന്നില്‍ നിന്നും കുത്തിയെന്നുമാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ശരത് പവാര്‍ ഒന്നും അറിഞ്ഞില്ലെന്ന പ്രസ്താവന തെറ്റാണ് അനുമതിയോടെയാകും അജിത് സത്യപ്രതിജ്ഞ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കഴിഞ്ഞ മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിന്റെ കാലത്ത് ബിജെപിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച എന്‍സിപിയെ അട്ടിമറിച്ച് ശിവസേന ബിജെപിയുമായി സഖ്യം രൂപീകരിച്ചിരുന്നു. കൂടാതെ കോണ്‍ഗ്രസിന്റെ മതേതര നിലപാടിലെ കള്ളത്തരം പൊളിക്കാനും ബിജെപിക്ക് ഇതിലൂടെ സാധിച്ചിട്ടുണ്ട്. ഹിന്ദുത്വ പാര്‍ട്ടിയായ ശിവസേനയുമായി സഖ്യം രൂപീകരിക്കാന്‍ തയാറായതിലൂടെ കോണ്‍ഗ്രസിന്റെ മതേതരത്വ പ്രഖ്യാപനം വെറുതെയായിരുന്നെന്നും പുറത്തുവന്നിട്ടുണ്ട്.
















