ലക്‌നൗ: യാത്രക്കിടെ ഗാര്‍ഹിക മോഷണമുണ്ടായാല്‍ ഒരു ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാര്‍ക്ക് മാനാസിക പിരിമുറുക്കമില്ലാത്ത യാത്ര നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ സംരംഭം ആരംഭിച്ചത്. ദല്‍ഹി-ലഖ്നൗ തേജസ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്.
ഇത് വിചിത്രമായി തോന്നിയേക്കാം, എന്നാല്‍ ഇത് സത്യമാണ്. ട്രെയിന്‍ യാത്രക്കിടയില്‍ നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും തരത്തിലുള്ള മോഷണം നടന്നാല്‍ ഇന്ത്യന്‍ റെയില്‍വേ ഒരു ലക്ഷം രുപ ഇന്‍ഷുറന്‍സ് കവര്‍ നല്‍കും. ഈ സേവനം ലഭിക്കുന്നതിന് യാത്രക്കാര്‍ ഒരു തുകയും നല്‍കേണ്ടതില്ലെന്നും ഐആര്‍സിടിസി ടൂറിസം ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ രജനി ഹസീജ ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകാന്‍ യാത്രക്കാരന്‍ മോഷണവുമായി ബന്ധപ്പെട്ട എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. യാത്രാ കാലയാളവിലാണ് മോഷണം നടന്നതെന്ന് തെളിഞ്ഞാല്‍ ഐആര്‍സിടിസി ഇന്‍ഷുറന്‍സ് തുക നല്‍കും. പദ്ധതിയുമായി ബന്ധപെട്ട് റെയില്‍വേയും ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ഇപ്പോള്‍, ഈ സേവനം തേജസ് എക്‌സ്പ്രസിന് മാത്രമേ ലഭ്യമാകൂ. എന്നാല്‍, 2020 ജനുവരി മുതല്‍ സര്‍വീസ് ആരംഭിക്കുന്ന സ്വകാര്യ തീവണ്ടിയായ മുംബൈ-അഹമ്മദാബാദ് തേജസ് എക്‌സ്പ്രസ് ഉള്‍പ്പെടെ ഭാവിയില്‍ സ്വകാര്യമായി ഓടുന്ന എല്ലാ തീവണ്ടികളിലും ഈ സൗകര്യം വ്യാപിപ്പിക്കാനും ഐആര്‍സിടിസി ആഗ്രഹിക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍, നിലവില്‍ രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിനായ ദല്‍ഹി-ലഖ്നൗ തേജസ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ലഗേജുകള്‍ക്കായി റെയില്‍വേ ഒരു ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നില്ല. 2019 ഒക്ടോബര്‍ നാലിനാണ് ദല്‍ഹി-ലഖ്നൗ തേജസ് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്.
















