ന്യൂദല്‍ഹി : മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ദേവേന്ദ്ര ഫഡ്നാവിസിനും ഉപമുഖ്യമന്ത്രിയായ എന്‍സിപിയുടെ അജിത് പവാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദിച്ചത്.
മഹാരാഷ്‌ട്രയുടെ നല്ല ഭാവിക്കായി ഇരുവരും പ്രയത്നിക്കുമെന്ന കാര്യത്തില്‍ ആത്മ വിശ്വാസ്വമുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഫട്‌നാവിസിനേയും, അജിത് പവാറിനേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിതിന്‍ ഗഡ്ഗരി എന്നിവരും അഭിനന്ദിച്ചിട്ടുണ്ട്.
മഹാരാഷ്‌ട്ര മുഖ്യമന്ത്രിപദത്തിനായി ശിവസേന കോണ്‍ഗ്രസ്- എന്‍സിപി സഖ്യവുമായി ചേര്‍ന്ന്് മന്ത്രിസഭ രൂപീകരിക്കാന്‍ ചര്‍ച്ച നടത്തി വരികയായിരുന്നു. അതിനിടയില്‍ അപ്രതീക്ഷിത നീക്കവുമായാണ് ബിജെപി ഇന്ന് രാവിലെ അധികാരത്തില്‍ എത്തിയത്.
ബിജെപി- ശിവസേന സഖ്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. എന്നാല്‍ ഫലം പ്രക്യാപനം വന്നതോടെ ശിവസേന ആദിത്യ താക്കറെയ്‌ക്ക് മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് കാലുമാറുകയായിരുന്നു.
ഇതിനായി എന്‍സിപിയേയും – കോണ്‍ഗ്രസ്സിനേയും കൂട്ടുപിടിച്ച് നിലപാടില്‍ അയവ് വരുത്താന്‍ വരെ ശിവസേന തയ്യാറായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ശിവസേനയുടെ എല്ലാ പ്രതീക്ഷകളും അട്ടിമറിച്ച് ബിജെപി- എന്‍സിപി സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറി. മഹാരാഷ്‌ട്രയില്‍ ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഔദ്യോഗികമായി പ്രഖ്യാപിക്കാനും സര്‍ക്കാര്‍ രൂപീകരണത്തിനായി ഇന്ന് ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിച്ചിരിക്കെയാണ് ഫട്‌നാവിസ് ചുമതലയേല്‍ക്കുന്നത്.
സ്ഥിരതയുള്ള സര്‍ക്കാരാണ് വേണ്ടതെന്ന് സത്യപ്രതിജ്ഞയ്‌ക്കുശേഷം ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. അതേസമയം ജനം പിന്തുണച്ചത് ബിജെപിയെ എന്നായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം.
















