ആലപ്പുഴ: എസ്ഡി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് സ്ഥലതെത്തിയ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അജയ് ചക്രവര്‍ത്തി, ജോയിന്റ് സെക്രട്ടറി അഭിജിത്തിനെയും എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എസ്എഫ്ഐ പ്രവര്‍ത്തകരായ ശ്യം, ആകാശ്, അഭിജിത്, സല്‍മാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശ്യാം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, സല്‍മാന്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. അഭിജിത്, ആകാശ് എന്നിവരെ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വിട്ടയച്ചു.
യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ പ്രശ്നങ്ങള്‍ ഫലപ്രഖ്യാപന സമയത്ത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസവും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
സംഭവത്തില്‍ അറസ്റ്റിലായ അജയ് ചക്രവര്‍ത്തിയെ കുതിരപ്പന്തി പാര്‍ട്ടി ഓഫീസിന് സമീപത്തു നിന്നും, അഭിജിത്തിനെ വണ്ടാനത്ത് വീടിന്റെ പരിസരത്തു നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം ഒത്തു തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്കായി സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പോകുന്നതിനിടെയാണ് അജയ് പോലീസിന്റെ പിടിയിലായത്. അതേസമയം ചര്‍ച്ചയ്‌ക്കായി പാര്‍ട്ടി ഓഫീസിലേക്ക് വരുന്ന വിവരം പാര്‍ട്ടി നേതാവ് തന്നെ പോലീസിനെ രഹസ്യമായി അറിയിച്ചു എന്നും ആരോപണമുണ്ട്.
















