ന്യൂദല്‍ഹി : ഇന്ത്യന്‍ പൗരന്മാരെ ഭീകരരായി ലോകരാഷ്‌ട്രങ്ങള്‍ക്കു മുന്നില്‍ ചിത്രീകരിക്കാന്‍ പാക്കിസ്ഥാന്റെ ശ്രമം. ജെയ്ഷ ഇ മുഹമ്മദ് മേധാവി മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ യുഎന്നില്‍ ആവശ്യപ്പെട്ടതിന് മറുപടിയായാണ് പാക്കിസ്ഥാന്റെ ഈ നടപടി. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് യുഎസും, ഫ്രാന്‍സും യുഎന്നില്‍ പിന്തുണ നല്‍കിയിരുന്നു.
ഇന്ത്യന്‍ പൗരന്മാരെ ആഗോള ഭീകരരെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പാക്കിസ്ഥാന്റെ ആവശ്യത്തെ പിന്തുണച്ച് ചൈനയും രംഗത്ത് എത്തിയിട്ടുണ്ട്. നിലവില്‍ ഇതുസംബന്ധിച്ചുള്ള പാക്കിസ്ഥാന്റെ അപേക്ഷ അല്‍ഖ്വയ്ദ ഉപരോധ കമ്മിറ്റിക്കു മുമ്പാകെ നല്‍കിയിട്ടുണ്ട്.
നിലവില്‍ പാക്കിസ്ഥാന്റെ പിടിയില്‍ കഴിയുന്ന നാല് ഇന്ത്യന്‍ പൗരന്മാര്‍ ബലൂചിസ്ഥാനിലും പെഷവാറിലും ഭീകരാക്രമണം നടത്തിയെന്ന് ആരോപിച്ചാണ് പാക്കിസ്ഥാന്‍ യുഎന്നിനെ സമീപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള എഫ്‌ഐആറുകളും പാക്കിസ്ഥാന്‍ കെട്ടിച്ചമച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന പദ്ധതികള്‍ വിവിധ കമ്പനികള്‍ക്കായി ജോലി ചെയ്യാനെത്തുന്ന ഇന്ത്യക്കാരെയാണ് പാക്കിസ്ഥാന്‍ ഇത്തരത്തില്‍ ഭീകരരായി മുദ്ര കുത്താന്‍ യത്നിക്കുന്നത്. 2017 ഫെബ്രുവരിയില്‍ ലാഹോറിലുണ്ടായ ഭീകരാക്രമണം അപ്പാജി അങ്കാരയെന്ന ഈ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ തലയിലിടാനാണ് പാക്കിസ്ഥാന്റെ നീക്കം.
അതേസമയം അടുത്തിടെ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്ത രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസ്സി വഴിയുള്ള സഹായങ്ങളെല്ലം ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നിലവില്‍ പാക്കിസ്ഥാന്റെ പിടിയിലുള്ള പ്രശാന്ത് വൈന്തം, ധരിലാല്‍ എന്നിവര്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നിയമ വിരുദ്ധമായി അതിര്‍ത്തി കടന്നെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും യാതൊരു വിധത്തിലുള്ള ഉപദ്രവവും ഏല്‍പ്പിക്കാതെ കൈമറണമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ആവശ്യപ്പെട്ടു.
അതേസമയം പ്രശാന്ത് വൈന്തം ചാരനല്ലെന്ന് മാതാപിതാക്കള്‍. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് മകന്‍ നാടുവിട്ടതാണെന്നും പിതാവ് അറിയിച്ചു. 2017ല്‍ ഹൈദരാബാദില്‍ നിന്ന് കാണാതായ മകന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയിലാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിന്നാണ് കുടുംബം അറിഞ്ഞത്. മധ്യപ്രദേശില്‍ നിന്നുള്ള ധരിലാലിനൊപ്പമാണ് മുപ്പതുകാരനായ പ്രശാന്ത് പാക് പിടിയിലായത്.
2017ല്‍ ഷോര്‍ ഇന്‍ഫോടെക്കില്‍ ജോലി ചെയ്യുമ്പോഴാണ് ഇയാളെ കാണാതാകുന്നത്. രാവിലെ ജോലിക്ക് പോയ മകന്‍ 31 മാസം കഴിഞ്ഞിട്ടും മടങ്ങി വന്നില്ല. മാധാപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് 2017 ഏപ്രില്‍ 29ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അച്ഛന്‍ ബാബു റാവു പറഞ്ഞു.
















