ന്യൂദല്‍ഹി : മരട് ഫ്‌ളാറ്റ് ഉടമകളുടെ പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് സുപ്രീംകോടതി. ഹര്‍ജികള്‍ ജനുവരി രണ്ടാംവാരത്തിന് ശേഷം പരിശോധിക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ബെഞ്ച് അറിയിച്ചു.
അതേസമയം സര്‍ക്കാരിന് ഉടമകള്‍ക്ക് നഷ്ടപരിഹാര തുക നല്‍കുന്നതിന് കൂടുതല്‍ സമയം വേണമെങ്കില്‍ പ്രത്യേക സമിതിക്ക് മുമ്പാകെ ഹാജരായി അറിയിക്കാമെന്നും കോടതി അറിയിച്ചു. ഫ്‌ളാറ്റ് പൊളിക്കുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ജനുവരി 11ന് ഹോളി ഫെയ്‌ത്ത്, ആല്‍ഫാ സഫീന്‍ ഫ്‌ളാറ്റുകള്‍ സ്‌ഫോടനത്തിലൂടെ പൊളിക്കും. 12ന് കായലോരവും, ജെയിന്‍ കോറലും പൊളിക്കുമെന്നുമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൂടാതെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഉടമകള്‍ക്ക് 27.99 കോടി ഇതിനോടകം തന്നെ വിതരണം ചെയ്തിട്ടുണ്ട്. ബാക്കി തുകയായ 33.51 കോടി കൈമാറുന്നതിനുളഅള നടപടികള്‍ സ്വീകരിച്ചു വരികയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനിടെ ചീഫ് സെക്രട്ടറിക്കെതിരെ സംവിധായകന്‍ മേജര്‍ രവി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു.
















