കാസര്‍കോട്: ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോട് ജില്ലയിലേക്ക് വിരുന്നെത്തുന്ന കേരള സ്‌കൂള്‍ കലോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് അണിയറയില്‍ ആസൂത്രണം ചെയ്ത് കൊണ്ടിരിക്കുന്നത്. കലോത്സവ നഗരിയിലെത്തുന്നവരെ സ്വീകരിക്കാന്‍ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയുജികെവൈ) പദ്ധതി പ്രകാരം കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠനം നടത്തുന്ന പ്രഫഷണല്‍ വിദ്യാര്‍ത്ഥികളും തയ്യാറായി.
പെരിയ എസ്എന്‍ കോളേജ്, സംവിത് ചുള്ളിക്കര, ഓറിയോണ്‍ നീലേശ്വരം എന്നീ സ്ഥാപനങ്ങളില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠനം നടത്തുന്ന 120 ഓളം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തിനും ഭക്ഷണശാലകളിലും അതിഥികളെ സ്വീകരിക്കാന്‍ മുന്നിട്ടിറങ്ങുക. ഇതു കൂടാതെ ഭക്ഷണ വിതരണം, കുടിവെള്ള വിതരണം എന്നിവയിലും അതിഥികള്‍ക്ക് സഹായ ഹസ്തവുമായി ഇവരെത്തും.
കൊവ്വല്‍പള്ളിയിലെ പ്രധാന ഭക്ഷണശാലയിലും മത്സരങ്ങള്‍ അരങ്ങേറുന്ന 28 വേദികളുടെ പരിസരങ്ങളിലും സമീപങ്ങളില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലൊരുക്കുന്ന ഭക്ഷണകേന്ദ്രങ്ങളിലുമായിരിക്കും ഇവര്‍ സേവനമനുഷ്ഠിക്കുക. ഷിഫ്റ്റ് വ്യവസ്ഥയില്‍ കലോത്സവത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ വിദ്യാര്‍ത്ഥികള്‍ രംഗത്തുണ്ടാവും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയാണ് ഡി ഡി യു ജി കെ വൈ.
കലോത്സവത്തില്‍ നിന്ന് ആരെയും മുഷിപ്പിക്കാതെ സന്തോഷത്തോടെ യാത്രയാക്കാനുള്ള ഒരുക്കത്തിലാണ് ഭക്ഷണ കമ്മറ്റി. ആരും വയറു വിശന്നിരിക്കരുതെന്ന കരുതലിലാണ് അവര്‍. മത്സരം കഴിഞ്ഞ് തിരിച്ചു പോകുന്ന മത്സരാര്‍ത്ഥികളേയും വെറും വയറോടെ ഭക്ഷണക്കമ്മറ്റി തിരിച്ചു വിടില്ല. കൈകളില്‍ പൊതിച്ചോറും നല്‍കി, കരുതലോടെ മാത്രമേ കലാ നഗരിയില്‍ നിന്നും യാത്ര അയക്കു. ഭക്ഷണപ്പുരയിലെത്തുന്ന എല്ലാപേര്‍ക്കും വയറു നിറയെ ഉണ്ണാനുള്ള സൗകര്യം ഒരുങ്ങുകയാണ്.
27ന് പാലുകാച്ചല്‍ ചടങ്ങിന് ശേഷം ഭക്ഷണപ്പുര ഉണരും. മലബാറിന്റെ രുചിക്കൂട്ടുകള്‍ക്കൊപ്പം തുളുനാടന്‍ സീറയും, ഹോളിഗയും മത്സരാര്‍ത്ഥികള്‍ക്ക് ആസ്വദിക്കാം. പാല്‍പായസം, പ്രഥമന്‍ തുടങ്ങി പായസങ്ങളുടെ നീണ്ട നിര തന്നെ സദ്യയിലുണ്ടാകും. പ്രഭാത ഭക്ഷണത്തിന് ഇടിയപ്പവും ഇഷ്ടുവും കൊഴക്കട്ടയും മറ്റ് കേരളീയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തും.
















