തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനും താഹയ്‌ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമപരമായ പരിശോധനയിലൂടെ തിരുത്താന്‍ സര്‍ക്കാരിന് കഴിയും. ‘മാവോയിസ്റ്റ് വഴി തെറ്റ്’ എന്ന തലക്കെട്ടില്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ നല്‍കിയ ലേഖനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നേരത്തെ ചിലര്‍ക്കെതിരെ യുഎപിഎ ചുമത്തി പിന്നീട് തിരുത്തിയത് മറക്കരുത്. യുഎപിഎ പോലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമല്ലെന്നും കോടിയേരി പറഞ്ഞു.
യുഎപിഎ കരിനിയമമാണെന്നതില്‍ സിപിഎമ്മിന് സംശയമില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടിലാണെന്ന പ്രചാരണം അസംബന്ധമാണ്. ആയുധം ഉപേക്ഷിച്ചാല്‍ മാവോയിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാഹചര്യം നല്‍കുമെന്നും കോടിയേരി അറിയിച്ചു.
മാവോയിസ്റ്റുകളെ വര്‍ഗശത്രുവായി സിപിഎം വിലയിരുത്തുന്നില്ല. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടവരും കേരളത്തിലെ വിവിധ പോക്കറ്റുകളില്‍ താവളമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുമായ മാവോയിസ്റ്റുകള്‍ തോക്കിന്‍ കുഴലിലൂടെ വിപ്ലവം എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പയോക്താക്കളാണ്.
ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും പശ്ചാത്തലമാക്കി ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ വേരുറപ്പിക്കാന്‍ മാവോവാദികള്‍ നീങ്ങിയിരുന്നു. എന്നാല്‍ അത്തരം അവസ്ഥകളൊന്നും ഇല്ലാത്ത കേരളത്തെ തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള താവളമാക്കാന്‍ നോക്കുന്നതിലൂടെ ഇടതുപക്ഷ രാഷ്‌ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള അതിഗൂഢമായ രാഷ്‌ട്രീയ അജന്‍ഡയാണ് വെളിവാകുന്നതെന്നും കോടിയേരി ആരോപിച്ചു.
















