കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ സ്‌പെല്ലിങ്ങ് ബീ മത്സരമായ ‘ക്ലാസ്‌മേറ്റ് സ്‌പെല്‍ ബീ’ യുടെ പന്ത്രണ്ടാം സീസണ് തുടക്കമായി. പ്രശസ്ത നോട്ട് ബുക്ക് ബ്രാന്‍ഡായ ക്ലാസ്‌മേറ്റ്‌സും റേഡിയോ മിര്‍ച്ചിയുമാണ് സംഘാടകര്‍. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരമുള്ളത്.
www.classmatesspellbee.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വമ്പന്‍ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. രണ്ട് ലക്ഷം രൂപയുടെ കാഷ് അവാര്‍ഡ്, വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനുള്ള അവസരം എന്നിവയ്‌ക്കു പുറമേ രക്ഷിതാവിനൊപ്പം വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന ലോകപ്രശസ്തമായ സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ നേരില്‍ കാണാനുള്ള അവസരവും ദേശീയ ചാമ്പ്യന് ലഭിക്കും.
നാല് സെമി ഫൈനലിസ്റ്റുകള്‍ക്ക് 50,000 രൂപ വീതം ലഭിക്കും. അതുല്യതയെ ആഘോഷിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ മത്സരങ്ങള്‍ അരങ്ങേറുന്നത്. രാജ്യത്തെ മുപ്പത് നഗരങ്ങളില്‍നിന്നുള്ള ആയിരം സ്‌കൂളുകളില്‍ നിന്നായി അഞ്ചു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഈ സീസണില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
















