ന്യൂദല്‍ഹി: മന്ത്രി എം.എം. മണിയുടെ സ്ത്രീവിരുദ്ധവും അശ്ലീലവുമായ പരാമര്‍ശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനു മുന്നില്‍. ബുലന്ദ് ശഹര്‍ കൂട്ടബലാത്സംഗക്കേസില്‍ യു.പി. മുന്‍മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്റെ പ്രസ്താവന പരിശോധിക്കുന്ന ഭരണഘടനാ ബെഞ്ചിലേക്കാണ് പെമ്പളൈ ഒരുമൈ സമരത്തില്‍ പങ്കെടുത്ത തോട്ടംതൊഴിലാളി സ്ത്രീകളെ മന്ത്രി മണി അവഹേളിച്ചെന്ന ഹര്‍ജിയും എത്തിയത്. വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് അഡ്വ. കാളീശ്വരം രാജ് മുഖേന ജോസഫ് ഷൈന്‍ എന്ന വ്യക്തിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂടുതല്‍ നിയന്ത്രണങ്ങള്‍ ആകാമോ, ഉയര്‍ന്ന പദവികള്‍ വഹിക്കുന്നവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം ഏര്‍പ്പെടുത്താമോ തുടങ്ങിയ വിഷയങ്ങളാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍, എം.ആര്‍. ഷാ, രവീന്ദ്ര ഭട്ട് എന്നിവരും അംഗങ്ങളാണ്.
മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും കാളീശ്വരം രാജും കോടതിയില്‍ എതിര്‍ത്തു. പൊതുജനങ്ങള്‍ക്കുള്ള മൗലികമായ അവകാശത്തിന് ഉയര്‍ന്ന പദവിയില്‍ ഉള്ളവരും അര്‍ഹരാണെന്ന് വേണുഗോപാല്‍ വാദിച്ചു. എന്നാല്‍, ക്യാബിനറ്റ് മന്ത്രിമാരുടെ അഭിപ്രായ പ്രകടനത്തിന് പ്രത്യേക മാനദണ്ഡങ്ങള്‍ വേണമെന്നു കാളീശ്വരം രാജ് വാദിച്ചു.
ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ കാലത്ത് 13 വയസുകാരിയും അമ്മയും കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ രാഷ്‌ട്രീയമായ അധിക്ഷേപമാണ് പരാതിക്ക് അടിസ്ഥാനം. ബലാത്സംഗം അഖിലേഷ് യാദവ് സര്‍ക്കാരിനെതിരായ രാഷ്‌ട്രീയ ഗൂഢാലോചന ആണെന്നായിരുന്നു അസംഖാന്റെ ആരോപണം. അടിമാലിയിലെ ഇരുപതേക്കറിലായിരുന്നു മന്ത്രി മണിയുടെ വിവാദപ്രസംഗം.
















