അവസാന നിമിഷം സ്‌പോണ്‍സര്‍ ചതിച്ചതു കൊണ്ട് പണമില്ലാതെ പോയതിന്റെ ഒറ്റ കാരണത്താല്‍ യോഗ്യത ഉണ്ടായിട്ടും റഷ്യയില്‍ നടക്കുന്ന ലോക ഭാരോദ്വഹന മത്സരത്തില്‍ പങ്കെടുക്കാനാകാത്തതിന്റെ നിരാശയലിലാണ് കേരളത്തിന്റെ ഉരുക്ക് വനിത മജീസിയ ബാനു. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുന്നതിനായി ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ ധനസഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് കായിക താരം.
മോസ്‌കോയില്‍ നടക്കുന്ന പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് സമ്മതിച്ച് എത്തിയ കമ്പനി വാഗ്ദാനത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ഇതില്‍ പ്രതിഷേധം അറിയിച്ചപ്പോള്‍ ഖത്തറില്‍ നേരിട്ടെത്തിയാല്‍ വേണ്ട പണമായ അഞ്ച് ലക്ഷവും തരാമെന്ന് പറഞ്ഞതായും മജീസിയ പറയുന്നു. ഇത് മറ്റ് ലക്ഷ്യങ്ങളോടെയുള്ള വാഗ്ദാനമാണ് എന്ന് മനസിലാക്കി കരാറിലെത്താതെ പിന്‍മാറി എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മജീസിയ വ്യക്തമാക്കുന്നു.
മെരിഡിയന്‍ ഗ്രൂപ് ഓഫ് കമ്പനീസ്, എസ്‌ജെ മെറ്റല്‍സ്, ദംസ എക്‌സിബിഷന്‍സ് ആന്റ് കോണ്‍ഫറന്‍സസ് എന്നീ ബിസിനസ് കമ്പനി അഡ്രസുകളെ പ്രതിനീധികരിക്കുന്ന നസീര്‍ കണ്ണൂര്‍ എന്നയാളിനെതിരെയാണ് മജീസ ബാനുവിന്റെ വിമര്‍ശനം. താന്‍ അനുഭവം പങ്കുവച്ചതോടെ നസീറിനെതിരെ ലൈംഗിക ഉപദ്രവം അടക്കം ആരോപിച്ച് നിരവധി പേര്‍ സന്ദേശങ്ങള്‍ അയച്ചതായി മജീസിയ പറഞ്ഞു. സേവ് എ ചൈല്‍ഡ് ഫൗണ്ടേഷനും ഈ ഇടപാടില്‍ പങ്കുണ്ടെന്നും മജീസിയ കമന്റില്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ സേവ് എ ചൈല്‍ഡ് ഫൗണ്ടേഷന്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്
കമ്പനി വഞ്ചിച്ചുവെന്ന് ആരോപിച്ച് കൊണ്ടുള്ള ഈ പോസ്റ്റിന് പിന്നാലെയാണ് മജീസിയ ബാനു തന്റെ നിസഹായ അവസ്ഥ പങ്കുവെച്ചത്. രാജ്യത്തിനും സംസ്ഥാനത്തിനും ഒക്കെ ദേശീയ അന്തര്‍ദേശീയ വേദികളില്‍ നിന്നും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന കായികതാരങ്ങളുടെ സ്ഥിതി തന്നെയാണ് തന്റേതെന്ന് മജീസിയ ബാനു പറഞ്ഞു. എല്ലാ കായിക താരങ്ങളുടേയും അവസ്ഥ ഇതു തന്നെയാണെന്നും സര്‍ക്കാര്‍ സഹായിക്കാത്തതുകൊണ്ടാണ് സ്വകാര്യ സ്‌പോണ്‍സര്‍ഷിപ് തേടേണ്ടി വരുന്നതെന്നും മജീസിയ പറഞ്ഞു.
പവര്‍ലിഫ്റ്റിംഗില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മോസ്‌കോയില്‍ നടന്ന ലോകകപ്പില്‍ ബെസ്റ്റ് ലിഫ്റ്റര്‍ പുരസ്‌കാരം നേടിയ, ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനായി വെള്ളി നേടിയ, പഞ്ചഗുസ്തിയില്‍ ദേശീയ തലത്തില്‍ സ്വര്‍ണം നേടിയ കായിക താരമാണ് ഒരു അന്താരാഷ്‌ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ ധനസഹായത്തിനായി ഫെയ്‌സ്ബുക്ക് പേജിലൂടെ അഭ്യര്‍ത്ഥന നടത്തിയത്.
















