ഭരണഭാഷ പൂര്‍ണമായും മലയാളമാകണമെന്നതില്‍ സര്‍ക്കാരിനുംസമൂഹത്തിനും യോജിപ്പാണ്. എന്നിട്ടും ആ വഴിയുള്ള ശ്രമങ്ങള്‍ക്ക് കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല. ‘ഭരണഭാഷ മാതൃഭാഷ’ എന്ന് ചില സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളിലും ഉത്തരവുകളിലും കാണാം. എന്നാല്‍ ഭരണതലത്തില്‍ മലയാളത്തിനു സ്ഥാനം കിട്ടാത്തയിടങ്ങള്‍ ഏറെയുണ്ട്.
മലയാളം ഭരണഭാഷയാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. ജനകീയഭരണം ജനങ്ങളുടെ ഭാഷയിലാകണം എന്ന് മാറിമാറി വന്ന ഭരണകര്‍ത്താക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതു കേട്ടുകേട്ട് മലയാളത്തിനു തന്നെ മടുത്തിട്ടുണ്ടാവണം.
എവിടെയാണ് തകരാറെന്ന് ആര്‍ക്കും അറിയില്ല. ”മലയാളം ശ്രേഷ്ഠഭാഷയായി എന്നുപറഞ്ഞ് വിശ്രമിക്കാനാവില്ല. ആ ഭാഷയെ അദ്ധ്യയന ഭാഷയാക്കാന്‍ കഴിഞ്ഞോ? പൂര്‍ണ അര്‍ത്ഥത്തില്‍ ഭരണഭാഷയാക്കാന്‍ കഴിഞ്ഞോ? കോടതി ഭാഷയാക്കാന്‍ കഴിഞ്ഞോ? ചോദിക്കുന്നതു മുഖ്യമന്ത്രിയാണ്. ഭരണ നടപടികള്‍ മലയാളത്തിലായിരിക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ചോദ്യങ്ങളോ സര്‍ക്കാരിന്റെ നയമോ ഈ ലക്ഷ്യത്തിനു തടസ്സം നില്‍ക്കുന്നവര്‍ കാര്യമാകുന്നില്ലെന്നേ കരുതാനാവൂ.
”2015-ല്‍ കേരളത്തിലെ എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭരണഭാഷ മലയാളമാക്കി. നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ അവ ഉപയോഗിക്കാമെന്നും മറ്റു സാഹചര്യങ്ങളില്‍ പൂര്‍ണമായും മലയാളം ഉപയോഗിച്ചേ മതിയാകൂ എന്നും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 2017 മേയ് ഒന്നുമുതല്‍ ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും ചില വകുപ്പുകള്‍ അതു പാലിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഈ വിശദീകരണവും തകരാറുകള്‍ അടുത്തെങ്ങും പരിഹരിക്കപ്പെടില്ലെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് ഭാഷാ സ്‌നേഹികള്‍ക്ക് വിശ്രമമില്ലാതെ പരിശ്രമം തുടരാം!
മുഖപ്രസംഗങ്ങളില്‍ നിന്ന്:
”രാജ്യതലസ്ഥാനമായ ന്യൂദല്‍ഹിയില്‍നിന്നു വരുന്ന വാര്‍ത്തകള്‍ അസ്വസ്ഥജനകമാണ്.”
അസ്വസ്ഥ ജനകം തെറ്റ്.
അസ്വാസ്ഥ്യജനകം ശരി.
”മോഡറേഷനു പുറമെ മാര്‍ക്ക് ദാനം നടത്തിയാണ് തിരിമറിയുടെ ഒരു രീതി.”
”മോഡറേഷനു പുറമെ മാര്‍ക്ക് ദാനം ചെയ്യലാണ് തിരിമറിയുടെ ഒരു രീതി” (ശരി).
”ശൈശവകാലം ശ്രദ്ധവേണ്ട കാലമാണ്”
ഒരു ‘കാലം’ ഒഴിവാക്കാം.
”ശൈശവം ശ്രദ്ധ വേണ്ട കാലമാണ്” എന്നു മതി.
”ഏതു അനുകൂല സാഹചര്യത്തോടും പൊരുതി നില്‍ക്കാനും അതിജീവന തന്ത്രം മെനയാനുള്ള പാഠങ്ങള്‍ നമ്മുടെ വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടെയും അടിസ്ഥാനമായി മാറേണ്ടതുണ്ട്.”
”അതിജീവന തന്ത്രം മെനയാനുമുള്ള” എന്നു വേണം.
”രാഹുലിന്റെ സ്വകാര്യതയെ മാനിക്കുന്നതോടൊപ്പം അദ്ദേഹം തന്റെ രാഷ്‌ട്രീയ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവാനാകാണം.”
അര്‍ത്ഥവ്യക്തതയില്ലാത്ത വാക്യം.
”രാഹുലിന്റെ സ്വകാര്യതയെ മാനിക്കുന്നു. അദ്ദേഹം തന്റെ രാഷ്‌ട്രീയ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവാനാകണം” എന്നു തിരുത്തിയാല്‍ വ്യക്തതയുണ്ടാകും.
”വനിതാ മതിലൊക്കെ കെട്ടിയ സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ അസംഘടിത തൊഴിലാളി യൂണിയനും
വിമര്‍ശിച്ചിട്ടുണ്ട്.”
സ്ത്രീ സുരക്ഷാച്ചട്ടം റദ്ദാക്കാനുള്ള നീക്കത്തെയാണ് അസംഘടിത തൊഴിലാളി യൂണിയന്‍ വിമര്‍ശിച്ചിട്ടുള്ളത്. ഈ വാക്യം വായിച്ചാല്‍ വനിതാ മതില്‍ കെട്ടിയതിനെയാണ് വിമര്‍ശിച്ചതെന്നു തോന്നും.
”സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കത്തെ എന്നു തിരുത്തിയാല്‍ അവ്യക്തത കുറച്ചെങ്കിലും നീങ്ങും.”
പിന്‍കുറിപ്പ്:
ഒരു പ്രബന്ധത്തില്‍ നിന്ന്:
”മനുഷ്യന്‍ കോലം ആകുന്നു. കോലം കാലമാകുന്നു. കാലം ഇവിടെ കോലം ആകുന്നു.”
ഭാഷയുടെ കോലം കാണുക!
പ്രതികരിക്കാൻ ഇവിടെ എഴുതുക: