ആലപ്പുഴ: സംസ്ഥാനത്തെ റോഡുകളില്‍ പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ സര്‍ക്കാര്‍. ബെംഗ്ളൂരു നഗരത്തില്‍ വിജയകരമായി നടപ്പാക്കിയ വൈറ്റ് ടോപ്പിങ് എന്ന റോഡ് നി
ര്‍മാണ സാങ്കേതികവിദ്യ പരീക്ഷിക്കാനാണ് പൊതുമരാമത്ത് വിഭാഗം തയാറെടുക്കുന്നത്. ‘ബ്രഹത് ബാംഗ്ലൂര്‍ മഹാനഗര പാലികെ’ നടപ്പിലാക്കുന്ന റോഡ് നിര്‍മാണ രീതികളെക്കുറിച്ച് അവിടുത്തെ എഞ്ചിനീയര്‍മാരുമായി മന്ത്രി ജി. സുധാകരന് സംസാരിച്ച് മനസ്സിലാക്കുകയും റോഡുകള്‍ കാണുകയും ചെയതിരുന്നു.
വൈറ്റ് ടോപ്പിങ് സാങ്കേതിക വിദ്യയിലുള്ള റോഡ് നിര്‍മാണങ്ങള്‍ക്ക് 30 വര്‍ഷം വരെ ആയുസ്സ് ലഭിക്കും. പക്ഷെ, ഒരു കിലോമീറ്ററിന് 10 കോടി രൂപയാണ് ചെലവ്. കേരളത്തിലെ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് കിലോമീറ്ററിന് ഒരു കോടി രൂപയാണ് ചെലവ് വരുന്നത്. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയാണ് റോഡിന്റെ കാലാവധി കണക്ക് കൂട്ടുന്നത്. വൈറ്റ് ടോപ്പിങ്ങിന് തുടക്കത്തില്‍ ചെലവ് കൂടുതലാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബിഎം ആന്‍ഡ് ബിസിയെക്കാള് ചെലവ് കൂടുതലല്ല, ജി. സുധാകരന് പറയുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ ലൈറ്റ് വൈറ്റ് ടോപ്പിങ് നിര്‍മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയുടെ അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി. ലൈറ്റ് വൈറ്റ് ടോപ്പിങ് രീതിയിലുള്ള റോഡ് 20 വര്‍ഷത്തോളം കേടുപാടുകള്‍ സംഭവിക്കില്ലെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ലൈറ്റ് വൈറ്റ് ടോപ്പിങ്ങിന് ഒന്നേകാല്‍ കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലെ റോഡിന്റെ ഉപരിതലം പൊളിച്ച് മാറ്റിയ ശേഷം ആറ് ഇഞ്ച് കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യും.
ഈ സാങ്കേതിക വിദ്യയുപയോഗിച്ച് ചെയ്യുന്നിടങ്ങളില്‍ റോഡ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമെ വാഹന ഗതാഗതം നടത്താന്‍ സാധിക്കൂ. അതിനാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ 10 കി.ലോമീറ്റര്‍ വീതം എടുത്ത് ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
















