പത്തനംതിട്ട: ശബരിമല ഇപ്പോഴാണ് ഭക്തരുടെ ക്ഷേത്രമായി മാറിയതെന്ന് ഹൈക്കോടതിയുടെ ശബരിമല ഉന്നത അധികാര സമിതി. മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പ് വിലയിരുത്തുന്നതിന് ഉന്നത അധികാര സമിതി ശബരിമലയില്‍ എത്തിയിരുന്നു. ഭക്തരുടെ സൗകര്യങ്ങള്‍ വിലയിരുത്തിയ സമിതി കുടിവെള്ളം കൂടുതലായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ ഉന്നത അധികാര സമിതി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പിണറായി സര്‍ക്കാരും സമിതിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.
സുഗമമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ ആവശ്യമായ തീരുമാനങ്ങള്‍ യഥാസമയം എടുക്കാന്‍ കഴിഞ്ഞ മണ്ഡലകാലത്താണ് ഉന്നത അധികാര സമിതിയെ ഹൈക്കോടതി നിയോഗിച്ചത്. ദേവസ്വം ബോര്‍ഡിനും പോലീസിനും ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സമിതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി മുന്‍ ജഡ്ജും ദേവസ്വം ഓംബുഡ്‌സ്മാനുമായ ജസ്റ്റിസ് പി.ആര്‍.രാമന്‍, ഹൈക്കോടതി മുന്‍ ജഡ്ജും ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനുള്ള ഉന്നതാധികാരസമിതി ചെയര്‍മാനുമായ ജസ്റ്റിസ് എസ്. സിരിജഗനുമാണ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ശബരിമലയില്‍ എത്തിയത്. നിരീക്ഷകസമിതിക്ക് ആവശ്യമായ സജീകരണങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം, ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കുന്നതിലെ സംസ്ഥാന സര്‍ക്കാരിന്റേയും ഉന്നത അധികാര സമിതിയുടേയും നിലപാട് തേടി സുപ്രീംകോടതി തേടിയിരുന്നു. മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌ക്കരിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നിലപാട് തേടിയത്. മാസ്റ്റര്‍ പ്ലാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചെങ്കിലും വനം വകുപ്പ് എതിര്‍ത്തതായും ബോര്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഇപ്പോള്‍ 64 ഏക്കര്‍ മാത്രമേ ബോര്‍ഡിന്റേതായുള്ളൂ. എന്നാല്‍ രേഖകളില്‍ 94.28 ഏക്കര്‍ ഭൂമി ബോര്‍ഡിന് അവകാശപ്പെട്ടതാണ്. ബാക്കി ഭൂമി കൈമാറാന്‍ നിര്‍ദേശിക്കണമെന്നും ബോര്‍ഡ് കോടതിയോട് അഭ്യര്‍ഥിച്ചു.
നിലവിലെ മാസ്റ്റര്‍ പ്ലാനിന് താന്ത്രികപരവും ശാസ്ത്രപരവുമായ പോരായ്‌മകള്‍ ഉണ്ടെന്നും , പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ മാസ്റ്റര്‍ പ്ലാനില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
















