മാങ്ങാട്ടുപറമ്പ്: പ്രതിസന്ധികളില്‍ തളരില്ലെന്ന് തെളിയിക്കുന്നതാണ് തിരുവനന്തപുരം സായിയിലെ പ്രിസ്‌കില്ലയുടെ വിജയം. സീനിയര്‍ ഗേള്‍സ് വിഭാഗം 800 മീറ്റര്‍ ഓട്ടത്തില്‍ വാശിയോടെ ഓടി സ്വര്‍ണ്ണം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തായത് കഴിഞ്ഞ വര്‍ഷം സ്വര്‍ണ്ണം നേടിയ പാലക്കാട് കുമാരംപുത്തൂര്‍ ജിഎച്ച്എസിലെ ചാന്ദ്‌നി.
വെറുമൊരു മധുര പ്രതികാരമല്ല ഒളിമ്പിക്‌സിലേക്കുള്ള ഓട്ടത്തിന്റെ മുന്നൊരുക്കമാണിതെന്ന് പ്രിസ്‌കില്ല ഉറപ്പോടെ പറയുന്നു. കായിക അധ്യാപകന്‍ ജോയ്‌ക്കും ശിഷ്യയുടെ കഴിവില്‍ ഉറച്ച വിശ്വാസമുണ്ട്. ജീവിതത്തില്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് പ്രിസ്‌കില്ല സായിയിലെത്തുന്നത്. പിതാവ് പത്തനംത്തിട്ട സ്വദേശി എ. ഡാനിയലിന് റബര്‍ ടാപ്പിങ്ങ് ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്. പത്തനംത്തിട്ടയില്‍ അടച്ചുറപ്പുള്ള ഒരു നല്ല വീട് പോലുമില്ല. അമ്മ ലുര്‍ദ്ദബായി വീട്ടമ്മയാണ്. ഇപ്പോള്‍ തിരുവനന്തപുരത്ത് വാടക വീട്ടിലാണ് താമസം.
2019 ല്‍ ഗുണ്ടൂരിരില്‍ നടന്ന ദേശീയ മത്സരത്തില്‍ 800 മീറ്റര്‍ മത്സരത്തിലും ഈ മിടുക്കി സ്വര്‍ണ്ണമണിഞ്ഞിട്ടുണ്ട്. റായ്‌പൂരില്‍ നടന്ന യൂത്ത് നാഷണല്‍സിലും 800 മീറ്ററില്‍ സ്വര്‍ണ്ണം നേടി. ഹോങ്കോങ്ങില്‍ നടന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. തന്റെ അവസാന വര്‍ഷ സ്‌കൂള്‍ കായികോത്സവത്തില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെക്കാനായതിന്റെ സന്തോഷത്തിലാണ് പ്ലസ് ടു ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥിനി കൂടിയായ പ്രിസ്‌കില്ല.
















