കൊച്ചി: റണ്‍വേ നവീകരണത്തിന്റെ ഭാഗമായി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം പകല്‍ സമയങ്ങളില്‍ അടച്ചിടും. റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി നാല് മാസത്തേക്കാണ് വിമാനത്താവളം പകല്‍ സമയത്ത് അടച്ചിടുന്നത്. ഇന്നു മുതല്‍ 2020 മാര്‍ച്ച് 28 വരെ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. . ഈ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറു വരെ വിമാന സര്‍വ്വീസുകള്‍ ഉണ്ടാകില്ല. ഇതിന്റെ ഭാഗമായി 24 മണിക്കൂര്‍ പ്രവര്‍ത്തന സമയം ഇന്ന് മുതല്‍ 16 മണിക്കൂര്‍ ആയി ചുരുങ്ങും. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വിമാനത്താവള റണ്‍വേ അടയ്ക്കും.
രാവിലെയും വൈകുന്നേരവും തിരക്കു പ്രതീക്ഷിക്കുന്നതിനാല്‍ ചെക്ക്-ഇന്‍ സമയം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര യാത്രക്കാര്‍ക്ക് ഇനി മൂന്നു മണിക്കൂര്‍ മുന്‍പും രാജ്യാന്തര യാത്രക്കാര്‍ക്കു നാല് മണിക്കൂര്‍ മുമ്പും ചെക്ക്-ഇന്‍ നടത്താം. റണ്‍വേ റീ കാര്‍പ്പറ്റിങ് ജോലികള്‍ക്കായാണ് പകല്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അഞ്ചു സര്‍വീസുകള്‍ റദ്ദാക്കി മറ്റു സര്‍വീസുകള്‍ രാത്രിയിലേക്കു മാറ്റിയാണ് അറ്റകുറ്റപണികള്‍ നടക്കുന്നത്.
3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ളതാണ് സിയാല്‍ റണ്‍വേ. പഴക്കം കൂടുന്തോറും റണ്‍വേയുടെ മിനുസം കൂടുന്നതിനാല്‍ പ്രതലം പരുക്കനായി നിലനിര്‍ത്താനാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ആകെ 260 സര്‍വിസാണു ദിവസമുള്ളത്.
















