തിരുവനന്തപുരം : ശബരിമല ദര്‍ശനം നടത്തുന്നതിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത് നാനുറോളം യുവതികള്‍. ചൊവ്വാഴ്ച വരെയുള്ള പട്ടികയിലാണ് ഈ യുവതികള്‍ വെര്‍ച്വല്‍ ക്യൂവിനായി ബുക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ നടപടികളെ തുടര്‍ന്നാണ് ഇത്രയും യുവതികള്‍ ശബരിമലയിലെത്താനായി ബുക്ക് ചെയ്തത്.
അതേസമയം 50 വയസ്സിനു താഴെയുള്ള കേരളത്തില്‍ നിന്നുള്ളവര്‍ ആരും ബുക്ക് ചെയ്തതില്‍ ഉള്‍പ്പെടുന്നില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബുക്ക് ചെയ്തിട്ടുള്ള യുവതികളെല്ലാം. ബുക്ക് ചെയ്തതില്‍ ഇരുനൂറോളം യുവതികള്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്. 180 പേര്‍ തമിഴ്‌നാട് സ്വദേശിനികളാണ്. തെലങ്കാന, ഒഡീഷ, കര്‍ണ്ണാടക, മഹാരാഷ്‌ട്ര സ്വദേശികളാണ് ബാക്കിയുള്ളവര്‍. ഇവര്‍ സംഘങ്ങള്‍ക്കൊപ്പം ശബരിമലയില്‍ എത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.
9.6 ലക്ഷം പേരാണ് നിലവില്‍ ശബരിമല ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് വിശാല ബെഞ്ചിനു വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടതോടെ സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ നിലപാട് മാറ്റിയിരുന്നു. യുവതീ പ്രവേശനത്തിന് പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് ഭക്തര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിഞ്ഞതോടെയാണ് നിലപാട് മാറ്റിയത്. ജനവികാരം എതിരായത് കഴിഞ്ഞ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.
കൂടാതെ യുവതീ പ്രവേശനത്തിനെ സര്‍ക്കാര്‍ അനുകൂലിച്ചതോടെ കഴിഞ്ഞ വര്‍ഷം ശബരിമലയിലെ നടവരുമാനത്തിലും ഇടിവുണ്ടായി. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കേണ്ട ബാധ്യതയും വന്നിരുന്നു.
















