ന്യൂദല്‍ഹി: കഴിഞ്ഞ ഓഗസ്റ്റില്‍ ലോക്‌സഭ പാസാക്കിയ ജാലിയന്‍ വാലാബാഗ് ദേശീയ മെമ്മോറിയല്‍ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. ഇതോടെ മെമ്മോറിയല്‍ ട്രസ്റ്റില്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനെ ട്രസ്റ്റിന്റെ സ്ഥിരം അംഗമാക്കാണമെന്ന വ്യവസ്ഥ റദ്ദാക്കി. ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കവേ കടുത്ത പ്രതിഷേധത്തിനൊടുവില്‍ വോട്ടെടുപ്പിലൂടെയാണ് ബില്‍ പാസാക്കിയത്. പുതിയ ഭേദഗതി പ്രകാരം കോണ്‍ഗ്രസിന്റെ അധ്യക്ഷനു പകരം ലോക്‌സഭയിലെ പ്രതിപക്ഷത്തുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവായിരിക്കും ട്രസ്റ്റ് അംഗം. ട്രസ്റ്റില്‍ ഇപ്പോള്‍ പ്രധാനമന്ത്രിയാണ് അധ്യക്ഷന്‍. കേന്ദ്ര സാംസ്‌കാരിക മന്ത്രി, പഞ്ചാബ് ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരും കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്ന മൂന്നു പേരുമാകും ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍. നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗങ്ങള്‍ക്ക് അഞ്ചു വര്‍ഷമാണ് കാലാവധിയെങ്കിലും ഇവര്‍ക്കും പകരം ആളെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും.
1919 ഏപ്രില്‍ 13 ന് നടന്ന ജയാന്‍വാല ബാഗ് കൂട്ടക്കൊലയുടെ ശതാബ്ദി വര്‍ഷത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഉത്സവ ദിനത്തെ തുടര്‍ന്ന് അമൃത്സറിലെ സമാധാനപരമായ പ്രതിഷേധക്കാര്‍ക്ക് നേരെ ബ്രിട്ടീഷ് സൈന്യം വിവേചനരഹിതമായി നടത്തിയ വെടിവയ്്പ്പില്‍ അനേകം ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ സ്മരണാര്‍ഥമാണ് ജാലിയന്‍ വാലാബാഗ് ദേശീയ മെമ്മോറിയല്‍ ട്രസ്റ്റ് രൂപീകരിക്കപ്പെട്ടത്. അന്നു മുതല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ട്രസ്റ്റിലെ സ്ഥിരം അംഗമായിരുന്നു.
















