ചേര്‍ത്തല: ഭഗവാന്‍ അയ്യപ്പന്‍ ആയോധനകല അഭ്യസിച്ച മുഹമ്മ ചീരപ്പന്‍ചിറ കളരിയില്‍ പന്തളം രാജാവിന്റെ പ്രതിനിധി എത്തിയതോടെ ശരണമന്ത്രങ്ങളാൽ മുഖരിതമായി. മണ്ഡലകാല ആചരണത്തോട് അനുബന്ധിച്ച് നിരവധി ചടങ്ങുകളാണ് ചീരപ്പൻ ചിറയിൽ സംഘടിപ്പിച്ചിരിക്കുന്നത്.
പന്തളം രാജകൊട്ടാരത്തിന്റെ പ്രതിനിധിയായ രാഘവ വര്‍മ കളരിയിലത്തി കെടാവിളക്കിന്റെ പ്രതിഷ്ഠാ വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുത്തു. രാജ്യത്തെ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ പ്രാര്‍ത്ഥനയാണ് യുവതിപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിലൂടെ സഫലമായതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തന്ത്രി ഷാജി അരവിന്ദ് നേതൃത്വം നല്‍കി. യുവതീപ്രവേശന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പൂജാ ഹരിദാസ് വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ഗുരുദേവ പഠന ക്ലാസിന് കോട്ടയം ബാലാജി നേതൃത്വം നല്‍കി. ഇന്ന് മൊബൈല്‍ ഫോണിലെ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ ക്ലാസ് നടക്കും. ജോസഫ് ആന്റണി ക്ലാസ് നയിക്കും.
20ന് വൈകിട്ടാണ് ആഴിപൂജ. മണ്ഡലക്കാലം തുടങ്ങിയതോടെ നിരവധി ഭക്തരാണ് കളരിയിലേക്കെത്തുന്നത്. ഇവര്‍ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
















