കൊച്ചി: കേരളത്തിൽ മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലീം തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മുസ്ലീം-മാവോയിസ്റ്റ്-കമ്യൂണിസ്റ്റ് തീവ്രവാദം പരസ്പരം ബന്ധപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ സമഗ്രാന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പല തീവ്രവാദ കേസുകളിലും പ്രധാന പ്രതികളെ ഇപ്പോഴും പിടികൂടിയിട്ടില്ല. ഇതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നൽകുന്നത് മുസ്ലീം തീവ്രവാദ ശക്തികളാണെന്നായിരുന്നു മോഹനൻ താമരശേരിയിൽ കെഎസ്‌കെടിയു ജില്ലാസമ്മേളനത്തിൽ പ്രസംഗിച്ചത്. ഏത് സംഘടനയെക്കുറിച്ചാണ് ആരോപണം എന്ന് വ്യക്തമാക്കാതെയായിരുന്നു മോഹനന്റെ പ്രസംഗം.
കോഴിക്കോട് പന്തീരാങ്കാവിൽ രണ്ട് സിപിഎം പ്രവർത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും പി.മോഹനൻ വ്യക്തമാക്കിയിട്ടുണ്ട്.
















